ഈസ്റ്റ് എളേരിയില്‍ ആദ്യമായി കോണ്‍ഗ്രസിതര ഭരണസമിതി

കാഞ്ഞങ്ങാട്: ജില്ലയുടെ മലയോര പഞ്ചായത്തുകളിലൊന്നായ ഈസ്റ്റ് എളേരിയില്‍ ആദ്യമായി കോണ്‍ഗ്രസിതര ഭരണസമിതി അധികാരത്തിലേക്ക്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ജെയിംസ് പന്തമാക്കലിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ വികസന മുന്നണിയാണ് (ഡി.ഡി.എഫ്) ഇക്കുറി 16ല്‍ പത്ത് സീറ്റുകള്‍ നേടി കോണ്‍ഗ്രസിന്‍െറ കുത്തക തകര്‍ത്ത് ഭരണം പിടിച്ചെടുത്തത്. ജെയിംസ് പന്തമാക്കല്‍ പ്രസിഡന്‍റായിരിക്കെ കോണ്‍ഗ്രസിലെ ചില പ്രാദേശിക നേതാക്കളുടെ പരാതിയെ തുടര്‍ന്ന് 2015 ജൂണിലാണ് ഇദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പന്തമാക്കലിനെ കോണ്‍ഗ്രസില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് കുടിയേറ്റ ജനതയുടെ പിന്‍ബലത്തില്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്ന പഞ്ചായത്ത് കൈവിട്ടുപോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ പന്തമാക്കല്‍ തന്നില്‍ വിശ്വാസമുള്ളവരെ അണിചേര്‍ത്ത് ജനകീയ വികസനമുന്നണിക്ക് രൂപം നല്‍കി പഞ്ചായത്തിലെ മുഴുവന്‍ സീറ്റിലേക്കും രണ്ട് ബ്ളോക്ക് ഡിവിഷനിലേക്കും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ എല്‍.ഡി.എഫും ഡി.ഡി.എഫിന് പലസ്ഥലങ്ങളിലും രഹസ്യപിന്തുണയും നല്‍കി. പന്തമാക്കലിന്‍െറ ജനകീയ വികസന മുന്നണി പത്ത് സീറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ ഭരണസമിതിയില്‍ ഒരൊറ്റ സീറ്റ് മാത്രമുണ്ടായിരുന്ന എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ കൂടി വര്‍ധിച്ചു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിച്ചിട്ടും ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിട്ടതിന്‍െറ ആഘാതം ഇന്നും മലയോരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ വിട്ടുമാറിയിട്ടില്ല. എട്ടാം വാര്‍ഡില്‍ നിന്നും ഡി.ഡി.എഫ് പ്രതിനിധിയായി മത്സരിച്ചുവിജയിച്ച ഫിലോമിനയെ പഞ്ചായത്ത് പ്രസിഡന്‍റാക്കാനും ജെയിംസ് പന്തമാക്കലിനെ വൈസ് പ്രസിഡന്‍റാക്കാനുമാണ് ജനകീയ വികസന മുന്നണിയുടെ ആലോചന. ഇതു സംബന്ധിച്ച് 15ാം തീയതി ചേരുന്ന ജനകീയവികസനസമിതിയുടെ പഞ്ചായത്തുതല കണ്‍വെന്‍ഷന്‍ അന്തിമ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ ഭരണസമിതിയുടെ വികസന തുടര്‍ച്ചക്ക് പന്തമാക്കലിന്‍െറ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.ഡി.എഫ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് വിട്ട് ജനകീയ വികസന മുന്നണിയുടെ ഭാഗമായവരെയും അല്ലാതെ മുന്നണിയുമായി സഹകരിച്ചവരെയും ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി വരെ രൂപവത്കരിക്കാനുള്ള ചര്‍ച്ചകളും ഈസ്റ്റ് എളേരിയില്‍ സജീവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.