നടപ്പാതയല്ല; ഒന്നും നടക്കാത്ത പാത

തൃക്കരിപ്പൂര്‍: ടൗണിലെ ഓവുചാലുകളുടെ മൂടികള്‍ തകര്‍ന്നതും പല ഉയരത്തില്‍ സ്ളാബുകള്‍ നിര്‍മിച്ചതും കാരണം കാല്‍നടക്കാര്‍ക്ക് ദുരിതയാത്ര. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ പ്രധാന നിരത്തിനോട് ചേര്‍ന്നുള്ള ഓവുചാലുകളിലാണ് വലിയ വിടവുകള്‍ രൂപപ്പെട്ടത്. പ്രധാനമായും മാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് സ്ളാബുകള്‍ ഇളകിമാറിയും തകര്‍ന്നും കാല്‍നട ദുസ്സഹമായത്. ഓടകള്‍ക്ക് മുകളിലൂടെയാണ് ആകെയുള്ള നടപ്പാത. പാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മേഖലകളില്‍ കാല്‍നട യാത്രക്കാരുടെ ദുരിതം ഇരട്ടിക്കും. പൊതുമരാമത്ത് വകുപ്പാണ് ഓവുചാലുകള്‍ നിര്‍മിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ആളുകള്‍ നടക്കുന്ന വഴിയായിട്ടും കോണ്‍ക്രീറ്റ് സ്ളാബുകളുടെ നിര്‍മാണം, വിന്യാസം എന്നിവക്ക് ഏകീകൃത രൂപമില്ല. ഒരേസമയം ഉയരം കൂടിയവയും കുറഞ്ഞവയും പാകിയതായി കാണാം. ഇതുമൂലം യാത്രക്കാര്‍ തടഞ്ഞുവീഴുന്ന സാഹചര്യമുണ്ട്. ഇതിനു പുറമെയാണ് കുഴികള്‍. ഓവുചാലുകള്‍ വെള്ളം ഒഴുക്കിവിടുന്നതിനൊഴികെ എല്ലാത്തിനും ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം തള്ളാനുള്ള ഇടമാണ് തൃക്കരിപ്പൂരിലെ ഓടകള്‍. ഇക്കാര്യം അറിഞ്ഞില്ളെന്ന് നടിക്കുകയാണ് അധികൃതര്‍. മാലിന്യ സംസ്കരണ സൗകര്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കി അടച്ചുപൂട്ടുന്നതിന് ഉള്‍പ്പെടെയുള്ള അധികാരം ‘സുരക്ഷിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷേ, നടപടികള്‍ ചടങ്ങുകളായി ഒതുങ്ങുകയാണ്. ഓടകള്‍ സമയബന്ധിതമായി ശുചീകരിക്കുകയും മാലിന്യം നിക്ഷേപിക്കുന്നത് തടയുകയും ചെയ്തില്ളെങ്കില്‍ പ്രദേശം രോഗഭീതിയിലാവുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. മഴക്കാല പൂര്‍വ ശുചീകരണം ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയാല്‍ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.