പുതുവത്സരാഘോഷം: മദ്യക്കടത്ത് തടയാന്‍ എക്സൈസ് നടപടി

കാസര്‍കോട്: പുതുവത്സരാഘോഷത്തിന്‍െറ ഭാഗമായി ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി ഉല്‍പന്നങ്ങളും വ്യാപകമായി ഒഴുകാന്‍ ഇടയുള്ളതിനാല്‍ എക്സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുടങ്ങി. വ്യാജമദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും തടയുന്നതിന്‍െറ ഭാഗമായി ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് അസി. എക്സൈസ് കമീഷണര്‍ എ.എന്‍. ഷാ ഇക്കാര്യം അറിയിച്ചത്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് വ്യാജമദ്യത്തിന്‍െറയോ ലഹരിവസ്തുക്കളുടെയോ വില്‍പനയോ ഉപയോഗമോ സംബന്ധിച്ച പരാതികള്‍ 04994-255332 (എക്സൈസ് സി.ഐ ഓഫിസ്), 04994-256728 (കാസര്‍കോട് ), 04672-204125 (കാഞ്ഞങ്ങാട്) എന്നീ നമ്പറുകളില്‍ 24 മണിക്കൂറും അറിയിക്കാം. ഒരുമാസത്തിനുള്ളില്‍ എക്സൈസ് വകുപ്പ് 338 റെയ്ഡുകള്‍ നടത്തി. 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 53 പേരെ അറസ്റ്റ് ചെയ്തു. 1534 പുകയിലജന്യ ഉല്‍പന്നങ്ങളും നാല് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. 233 കള്ളുഷാപ്പുകള്‍ പരിശോധിച്ചു. വ്യാജമദ്യത്തിന്‍െറയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗവും നിര്‍മാണവും തടയാന്‍ എക്സൈസ് വകുപ്പ് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിച്ചു. ഇതിന്‍െറ ഭാഗമായി എക്സിബിഷനും നടത്തും. പെരിയ ഗവ. പോളിടെക്നിക് കോളജിലും ജില്ലാ കലോത്സവ വേദിയിലും എക്സൈസിന്‍െറ മയക്കുമരുന്ന് വിരുദ്ധ എക്സിബിഷന്‍ സംഘടിപ്പിക്കും. മറ്റു ആഘോഷ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. പുല്ലൂര്‍ പെരിയ, മുളിയാര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളില്‍ വ്യാജമദ്യത്തിന്‍െറയും പുകയില ഉല്‍പന്നങ്ങളുടെയും വില്‍പന വര്‍ധിച്ചുവരുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. ലക്ഷ്മി, മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിവാകര, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീതാ ഗോപാലന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ യു. തമ്പാന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എന്‍. ജയരാജ്, കെ. ശ്യാംപ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT