തിരകളില്‍ കണ്ണുണ്ടെങ്കില്‍ വരൂ, കടലില്‍ കളിക്കാം

കാഞ്ഞങ്ങാട്: തിരമാലകളുടെ പരവതാനി വിരിച്ച് കടല്‍ നമ്മളെ മാടിവിളിക്കും. പിന്നെയും പിന്നെയും അകത്തേക്ക്. ഇരുട്ടിന്‍െറ തിരശ്ശീല വീണാലും തിരികെ കയറാന്‍ തോന്നില്ല. പക്ഷേ, കരുതിയിരിക്കണം. സ്നേഹത്തോടെ തൊട്ടുഴിഞ്ഞുകൊണ്ടിരുന്ന തിരമാലകള്‍ എപ്പോഴാണ് രൗദ്രഭാവംപൂണ്ട് ആഴക്കടലിലേക്ക് ആഞ്ഞുവലിക്കുകയെന്ന് പറയാനാവില്ല. വിനോദ സഞ്ചാരത്തിന്‍െറ സീസണ്‍ ആയതോടെ, അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ബേക്കല്‍ കോട്ടക്കരികിലെ കടല്‍ത്തീരത്ത് സായാഹ്നം ചെലവിടാന്‍ എത്തുന്നവര്‍ എറെയാണ്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറും. ബേക്കല്‍ കോട്ടയുടെ സമീപം മുതല്‍ ചേറ്റുകുണ്ട് വരെ ഒരേനിരപ്പില്‍ നീണ്ടുകിടക്കുന്ന ഒന്നര കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. സംസ്ഥാനത്ത് ഏറ്റവും നീളം കൂടിയ ബീച്ചുകളിലൊന്നാണിത്. ഇവിടത്തെ ആഴം കുറഞ്ഞ തീരക്കടല്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷക ഘടകമാണ്. സൗമ്യഭാവം കണ്ട് കൊച്ചുകുട്ടികളും സ്ത്രീകളും നിര്‍ഭയം കടലിലിറങ്ങുമ്പോള്‍ തിരകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന അപായ സാധ്യത കണക്കിലെടുക്കാറില്ല. വേലിയിറക്ക സമയത്ത് തിരകളടങ്ങുമ്പോള്‍ നീന്തലറിയാത്തവര്‍ പോലും അനായാസം തീരക്കടലില്‍നിന്ന് ഉള്‍ഭാഗത്തേക്ക് നീങ്ങുകയാണ്. എന്നാല്‍, വേലിയേറ്റ സമയത്ത് കടലിന്‍െറ സ്വഭാവം മാറും. ആക്രമണം അപ്രതീക്ഷിതമായിരിക്കും. തിരമാലകളില്‍ കുരുങ്ങി അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാകും. അപായസാധ്യത കണക്കിലെടുത്ത് ബേക്കല്‍ കോട്ടയുടെ പരിസരത്ത് കടലില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, കോട്ടയിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സഞ്ചാരികള്‍ കടലിലിറങ്ങുന്ന പ്രവണതയുണ്ട്. പള്ളിക്കര ബീച്ചില്‍ കടലിലിറങ്ങുന്നതിന് നിയന്ത്രണം നിലവിലില്ല. സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. അത്യാഹിതങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ടൂറിസം വകുപ്പ് നിയോഗിച്ച രണ്ട് ലൈഫ് ഗാര്‍ഡുകള്‍ക്കു പുറമെ പള്ളിക്കര ബീച്ച് പാര്‍ക്കിന്‍െറ നടത്തിപ്പ് ഏറ്റെടുത്ത സഹകരണ ബാങ്ക് നിയോഗിച്ച ലൈഫ് ഗാര്‍ഡും ഇവിടെയുണ്ട്. എന്നാല്‍, അപായമുണ്ടായാല്‍ വിവരം കരയിലുള്ളവര്‍ അറിയാന്‍ സമയമെടുക്കും. പാര്‍ക്കിന് സമീപം ടൂറിസം പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനമാരംഭിച്ചില്ല. രണ്ടോ മൂന്നോ പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. തിരക്കേറിയ ദിവസങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് പ്രയാസപ്പെടേണ്ടിവരുന്നു. പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ വകവെകാന്‍ കൂട്ടാക്കാത്ത ആള്‍ക്കൂട്ടം അവരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.