കബഡി താരം സന്തോഷിന്‍െറ കൊലപാതകം: ഭാര്യ അറസ്റ്റില്‍

നീലേശ്വരം: കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായിരുന്ന കാര്യങ്കോട് മുള്ളന്‍വളപ്പില്‍ ജി. സന്തോഷിന്‍െറ (39) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാല്‍ പൊയ്യക്കരയിലെ കെ.വി. രഞ്ജുഷ (30)യെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൊലപാതക പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. കേസിലെ രണ്ടാംപ്രതിയാണ് അറസ്റ്റിലായ രഞ്ജുഷ. സന്തോഷിന്‍െറ ഇളയമ്മയുടെ മകനായ പള്ളിക്കര ചീറ്റക്കാലിലെ സി. മനോജാണ് (37) ഒന്നാംപ്രതി. മനോജ് കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണ സംഘത്തിന്‍െറ കസ്റ്റഡിയിലാണ്. സന്തോഷിന്‍െറ കൊലപാതകം നടന്ന രാത്രിയില്‍ അമ്മയുടെ ചികിത്സാര്‍ഥം ആശുപത്രിയിലുണ്ടായിരുന്ന രഞ്ജുഷ മനോജുമായി ഫോണില്‍ മണിക്കൂറോളം സംസാരിച്ചതായി ഇരുവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ച സൈബര്‍ സെല്‍ സംഘം കണ്ടത്തെിയിരുന്നു. ഇതോടെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ രഞ്ജുഷയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ കസ്റ്റഡിയിലെടുത്ത പ്രതിയെയുംകൊണ്ട് പൊലീസ് തെളിവെടുത്തുവ്യാഴാഴ്ച രാവിലെ ഏഴിനാണ് വന്‍ പൊലീസ് സന്നാഹത്തോടെ വീട്ടിനകത്ത് പരിശോധന നടത്തിയത്. തെളിവെടുപ്പിന് എത്തിയതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. ജനരോഷം ശക്തമായതോടെ തെളിവെടുപ്പ് 10 മിനിറ്റില്‍ ഒതുക്കി പ്രതി മനോജിനെയുംകൊണ്ട് സ്ഥലംവിട്ടു. പിന്നീട് അന്വേഷണ സംഘത്തലവന്‍ സി.ഐ ടി.പി. സുമേഷും സംഘവും സന്തോഷിന്‍െറ അമ്മയില്‍നിന്ന് മൊഴിയെടുത്തു. കൊല ചെയ്യാന്‍ ഉപയോഗിച്ച കയര്‍ രണ്ടായി മുറിച്ചെടുക്കാന്‍ ഉപയോഗിച്ച കത്തിയും വീട്ടില്‍നിന്ന് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.