കളമൊരുക്കിയത് കോടികളുടെ അഴിമതിക്ക്

കാഞ്ഞങ്ങാട്: ലോകബാങ്ക് സഹായത്തോടെ കാഞ്ഞങ്ങാട്ട് നടപ്പാക്കുന്ന കെ.എസ്.ടി.പിയുടെ നാലുവരിപ്പാത നിര്‍മാണത്തിലെ ക്രമക്കേടിലൂടെ കരാറുകാരും കൂട്ടുകച്ചവടക്കാരും ചേര്‍ന്ന് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആക്ഷേപം. കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ നിര്‍ദിഷ്ട നാലുവരിപ്പാതയില്‍ നോര്‍ത് കോട്ടച്ചേരി മുതല്‍ കാഞ്ഞങ്ങാട് സൗത് വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തിന്‍െറ നിര്‍മാണത്തിന് ഏകദേശം 24 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കോട്ടച്ചേരി ട്രാഫിക് ജങ്ഷന്‍ മുതല്‍ ടി.ബി.റോഡ് സര്‍ക്കിള്‍ വരെയുള്ള ഭാഗത്തിന്‍െറ നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ ക്രമക്കേട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എതിര്‍പ്പുകളുയരുകയാണുണ്ടായത്. നിലവിലുള്ള ഡിവൈഡറിന്‍െറ ഇരുഭാഗത്തും ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കേണ്ടത്. എസ്റ്റിമേറ്റ് പ്രകാരം ഇത്രയും ഭാഗത്ത് 54 സെന്‍റിമീറ്റര്‍ ആഴത്തില്‍ കുഴിച്ചശേഷം ഓവുചാലിന്‍െറ ഉയരം വരെ 25 സെന്‍റിമീറ്റര്‍ കനത്തില്‍ കരിങ്കല്‍പൊടി മിശ്രിതവും അതിന് മുകളില്‍ 20 സെന്‍റിമീറ്റര്‍ കനത്തില്‍ മെക്കാഡം മിശ്രിതം ചേര്‍ത്ത കരിങ്കല്‍പൊടിയും നിറക്കണം. അതിന് മുകളില്‍ അഞ്ച് സെന്‍റിമീറ്റര്‍ കനത്തില്‍ മെക്കാഡം ടാറിങ് നടത്തിയശേഷം ഏറ്റവും മുകളിലായി നാല് സെന്‍റിമീറ്റര്‍ കനത്തില്‍ വിദേശനിലവാരത്തിലുള്ള ടാറിങ് നടത്തണമെന്നാണ് വ്യവസ്ഥ. മേല്‍പറമ്പ് മുതല്‍ തൃക്കണ്ണാട് വരെയുള്ള ഭാഗത്ത് ഏതാണ്ട് ഇതേ രീതിയിലാണ് നിര്‍മാണം നടത്തുന്നത്. എന്നാല്‍, ഇത് മറികടന്ന് കാഞ്ഞങ്ങാട് ടൗണില്‍ നിലവിലുള്ള റോഡ് പൊളിച്ചുമാറ്റാതെ അതിന് മുകളില്‍ റീടാറിങ് നടത്തുക മാത്രമാണ് ചെയ്തത്. കോടികളുടെ വെട്ടിപ്പാണ് ഇതിലൂടെ നടത്താന്‍ ശ്രമിച്ചത്. കെ.എസ്.ഇ.ബി.യുടെയും ബി.എസ്.എന്‍.എലിന്‍െറയും കേബിളുകള്‍ റോഡിനടിയിലൂടെ കടന്നുപോകുന്നതാണ് റോഡ് കിളക്കുന്നതിന് തടസ്സമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചെങ്കിലും കേബിളുകള്‍ തടസ്സമാകില്ളെന്നാണ് കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ എന്‍ജിനീയര്‍മാര്‍ പറഞ്ഞത്. പ്രതിഷേധം കാരണം നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ കെ.എസ്.ടി.പിയുടെ ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷ് ശനിയാഴ്ച കാഞ്ഞങ്ങാട്ടത്തെും. ഉച്ച 12ന് ആര്‍.ഡി.ഒ. ഓഫിസില്‍ ചേരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. ഇപ്പോള്‍ നിര്‍മിച്ച റോഡ് പൂര്‍ണമായി പൊളിച്ചുനീക്കി നിര്‍ദിഷ്ട മാനദണ്ഡപ്രകാരം നിര്‍മാണം നടത്തണമെന്നാണ് പൊതു ആവശ്യം.നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികള്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്. ചീഫ് എന്‍ജിനീയറുടെ സന്ദര്‍ശനം കണക്കിലെടുത്ത് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നഗരസഭയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ചെയര്‍മാന്‍ വി.വി. രമേശന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്ച നഗരസഭാ ഓഫിസില്‍ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.