വാഹന പരിശോധന: അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ് പൊലീസിന് നാണക്കേടാവുന്നു

കാസര്‍കോട്: വാഹന പരിശോധനയുടെ പേരില്‍ പൊലീസ് അനാവശ്യമായി പിഴയീടാക്കിയെന്ന ആരോപണമുന്നയിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ് പൊലീസിന് നാണക്കേടാവുന്നു. രാത്രി ദേശീയപാതക്കരികില്‍ വാഹന പരിശോധന നടത്തുന്നതിനായി നിര്‍ത്തിയിട്ട പൊലീസ് ജീപ്പ് കണ്ടപ്പോള്‍ ഹെഡ്ലൈറ്റ് ഡിം ചെയ്തില്ളെന്ന കാരണത്താല്‍ പിഴയീടാക്കിയെന്നാണ് പട്ടാമ്പി സംസ്കൃത കോളജ് അധ്യാപികയും ഗ്രന്ഥകാരിയുമായ ഡോ. വി. ലിസി മാത്യുവിന്‍െറ പോസ്റ്റ്. ‘കാഞ്ഞങ്ങാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രി എട്ടിന് മടങ്ങിവരുമ്പോള്‍ ഹൈവേ പൊലീസ് കൈ നീട്ടി. ഞാന്‍ പൊടുന്നനെ കാര്‍ നിര്‍ത്തി. കുറച്ചകലെ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിനടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ നൂറുരൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ പൊലീസ് കൈനീട്ടിയ സമയത്ത് ലൈറ്റ് ഡിം ചെയ്തില്ല എന്നായിരുന്നു മറുപടി. ഡിം ചെയ്യാന്‍ റോഡില്‍ എതിര്‍വശത്ത് വാഹനമൊന്നും ഉണ്ടായിരുന്നില്ല. പണമടച്ചു മടങ്ങിപ്പോന്നു. പക്ഷേ, രസീതിയിലെഴുതിയ വകുപ്പൊക്കെ കണ്ടിട്ട് എന്തോ ഒരു പന്തികേട്. കൈനീട്ടുന്ന പൊലീസിന് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണമെന്ന് എവിടെയും പഠിച്ചിട്ടില്ല. മാത്രമല്ല, സ്വകാര്യ വാഹനത്തില്‍ ഒറ്റക്ക് ഡ്രൈവ് ചെയ്ത് വരുന്ന സ്ത്രീയെ രാത്രിയില്‍ വഴിയിലിറക്കി ഫൈന്‍ വാങ്ങിക്കുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. ജീവിതത്തിലാദ്യമായി നിയമം തെറ്റിച്ചതിന് ഫൈനടച്ച എനിക്ക് ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് ഇനിയും മനസ്സിലാകുന്നില്ല. എന്തായാലും നിയമപാലനം മുറക്ക് നടക്കട്ടെ -എന്നാണ് അധ്യാപികയുടെ പോസ്റ്റ്. വാഹന പരിശോധനക്ക് പാലിക്കേണ്ട മര്യാദയെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നിരന്തരം സര്‍ക്കുലര്‍ ഇറക്കുന്നതിനിടെയാണ് ഈ സംഭവം. പിഴയീടാക്കിയതിന്‍െറ രസീത് സഹിതമുള്ള അധ്യാപികയുടെ പോസ്റ്റ് ഇതിനകം നിരവധി പേര്‍ പങ്കുവെക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എതിരെ വാഹനങ്ങള്‍ വരാത്തപ്പോള്‍ ലൈറ്റ് ഡിം ചെയ്യേണ്ടതില്ളെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.