ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ അനാസ്ഥകാരണം യാത്രാ ദുരിതമനുഭവിക്കുന്ന
കവ്വായിയിലേക്കുള്ള സർവിസ് റോഡ്
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ നിഷേധാത്മക നിലപാടു കാരണം നഗരസഭയിലെ കവ്വായി പ്രദേശത്തെ ജനങ്ങൾ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം തികയുന്നു.
2025 ജനുവരിയിലാണ് ദേശീയപാതയിൽനിന്ന് കവ്വായിയിലേക്ക് പ്രവേശിക്കുന്ന റോഡ് അധികൃതർ അടച്ചുപൂട്ടിയത്. പകരം, കണ്ണാശുപത്രിക്ക് മുന്നിലൂടെ പോകുന്ന ചെമ്മൺ റോഡ് ഉപയോഗിക്കാനാണ് ദേശീയപാത നിർമാണ കമ്പനി അധികൃതർ നിർദേശിച്ചത്.
എന്നാൽ, ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാതെ പ്രസ്തുത റോഡ് ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ല. ഇതുമൂലം രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദുരിതമനുഭവിക്കുകയാണ്. തുടർന്ന് നാട്ടുകാർ കലക്ടർക്ക് പരാതി നൽകുകയും റോഡ് ഗതാഗതയോഗ്യമാക്കാൻ 2025 ഏപ്രിലിൽ കലക്ടർ നിർമാണ കമ്പനി അധികൃതർക്ക് രേഖാമൂലം നിർദേശവും നൽകി.
നാളിതുവരെയും പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയാറായിട്ടില്ല. ഒരുവർഷമായി കവ്വായി പ്രദേശത്തെ ജനങ്ങളനുഭവിക്കുന്ന യാത്രദുരിതത്തിന് പരിഹാരം കാണാൻ മുൻ നഗരസഭ കൗൺസിലർ ഒഴികെയുള്ള ജനപ്രതിനിധികളാരും ഇടപെട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരുപ്രദേശത്തെ ജനങ്ങളാകെ അനുഭവിക്കുന്ന യാത്രദുരിതത്തിന് പരിഹാരം കാണാൻ എം.എൽ.എയും നഗരസഭ ചെയർമാനും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.