മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ബസ് സൗകര്യം വേണമെന്ന് ആവശ്യം

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അന്തര്‍ സംസ്ഥാന ബസ് സൗകര്യം വേണമെന്ന ആവശ്യം ശക്തമായി. പ്രവാസികളെയും ഇവരെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് തിരിച്ചുവരുന്നവരെയും ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍മാര്‍ പിഴിയുന്നത് പതിവാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയാളി യാത്രക്കാരും ബന്ധുക്കളുമാണ് ദുരിതമനുഭവിക്കുന്നത്. വിമാനത്താവളത്തില്‍ നേരിട്ടത്തൊന്‍ മംഗളൂരു സിറ്റി കോര്‍പറേഷനോ എയര്‍പോര്‍ട്ട് അതോറിറ്റിയോ സൗകര്യമൊരുക്കാത്തതാണ് പ്രശ്നം. മംഗളൂരു നഗരത്തില്‍നിന്ന് ബജ്പെയിലേക്കോ കെജ്ജാറിലേക്കോ ബസിലത്തെുന്നവര്‍ക്ക് വിമാനത്താവളത്തിലത്തൊന്‍ ഓട്ടോയോ ടാക്സിയോ പിടിക്കേണ്ടിവരും. സ്പെഷല്‍ ഓട്ടോക്ക് 45 രൂപയാണ് വാടക. കാറിന് 500 രൂപയും. വിമാനത്താവളത്തില്‍നിന്ന് ടാക്സിക്ക് റെയില്‍വേ സ്റ്റേഷനിലോ മംഗളൂരു ബസ് സ്റ്റാന്‍ഡിലോ എത്താന്‍ കഴുത്തറുപ്പന്‍ വാടകയിനത്തില്‍ 450 മുതല്‍ 600 രൂപ വരെ ഈടാക്കും. മുമ്പ് രാവിലെ വിമാനത്താവളത്തില്‍നിന്ന് 8.30നും 11.30നും വൈകീട്ട് 3.30ന് നഗരത്തില്‍നിന്നും ബസ് സൗകര്യമുണ്ടായിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ഓട്ടോ-കാര്‍ ഡ്രൈവര്‍മാരുടെ സമ്മര്‍ദ ഫലമായി സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്ന് വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അന്ന് പെര്‍മിറ്റ് നല്‍കിയ റൂട്ടുകളില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ഏറെയാണ്. ഡ്രൈവര്‍മാര്‍ യാത്രക്കാരെയും സ്വീകരിക്കാനത്തെുന്ന സ്വകാര്യ കാര്‍ ഡ്രൈവര്‍മാരെയും കൈകാര്യം ചെയ്യുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ ‘ഓല കാബ്’ സര്‍വിസു വഴിയോ കാറില്‍ വന്നാല്‍ യാത്രക്കാരെ കയറ്റാന്‍ ഇവിടത്തെ ഡ്രൈവര്‍മാര്‍ സമ്മതിക്കില്ല. ഭര്‍ത്താവിന്‍െറ അത്യാസന്ന നിലയിലായ പിതാവിനെ കാണാന്‍ വിമാനത്തില്‍ മംഗളൂരുവിലത്തെിയ ഐ.ടി ഉദ്യോഗസ്ഥയെ ഒന്നരമാസം മുമ്പ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ ഒരുമിച്ചു കാര്‍ വാടകക്കെടുത്താലും ഡ്രൈവര്‍മാര്‍ പ്രശ്നമുണ്ടാക്കുന്നതായി പ്രവാസികള്‍ പറയുന്നു. ബസ് സര്‍വിസുണ്ടെങ്കില്‍ 14 രൂപക്ക് എത്തുന്ന ദൂരത്തേക്കാണ് വിദേശത്ത് നിന്നത്തെുന്നവര്‍ 500 രൂപ വാടകയിനത്തില്‍ കൊടുക്കുന്നത്. കേരള എസ്.ആര്‍.ടി.സിയോ കര്‍ണാടക എസ്.ആര്‍.ടി.സിയോ കണ്ണൂരിലേക്കും കാസര്‍കോട്ടേക്കും രാവിലെയും വൈകീട്ടും സര്‍വിസ് നടത്തിയാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്കും സ്വീകരിക്കാനത്തെുന്നവര്‍ക്കും പ്രയോജനമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.