നഗരത്തിന്‍െറ മുഖം മിനുങ്ങി; കാസര്‍കോടിന് ടൗണ്‍ഹാളായി

കാസര്‍കോട്: നഗരത്തിന്‍െറ മുഖം മിനുക്കി നവീകരിച്ച കാസര്‍കോട് ടൗണ്‍ഹാള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കാസര്‍കോട് നഗരസഭാ പരിധിയില്‍ വലിയ പരിപാടികള്‍ക്ക് സൗകര്യമുള്ള ഏക ഹാള്‍ ആയി കാസര്‍കോട് ടൗണ്‍ ഹാള്‍ മാറി. നിലവിലെ മുരളീ മുകുന്ദ് ഓഡിറ്റോറിയം മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തതോടെയാണ് ടൗണ്‍ ഹാളിന്‍െറ പ്രാധാന്യം ഏറെ വര്‍ധിച്ചത്. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക രീതിയില്‍ സജ്ജമാക്കിയ ഹാള്‍ നഗരത്തില്‍ ഇല്ളെന്ന പോരായ്മക്ക് ഇതോടെ പരിഹാരമാവും. നഗരത്തിനു പുറത്തുള്ള പുതിയ ഓഡിറ്റോറിയങ്ങള്‍ക്ക് ഒരുലക്ഷം രൂപവരെയാണ് വാടക ഈടാക്കികൊണ്ടിരുന്നത്. എന്നാല്‍, ടൗണ്‍ഹാളിന്‍െറ വാടക ഏറ്റവും കുറഞ്ഞ നിരക്കായ 15000രൂപയില്‍ പരിമിതപ്പെടുത്തുന്നതോടെ സാധാരണക്കാരുടെ പരിപാടികള്‍ക്കും പ്രാപ്യമാകും. ഭക്ഷണത്തിനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നവീകരിച്ച ടൗണ്‍ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ പരിപാടികള്‍ക്കാണ് ഹാള്‍ വാടകക്ക് നല്‍കേണ്ടത് എന്നതു സംബന്ധിച്ച് ഒന്നിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമാകും. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് വിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷണ പുരയും ഒരുക്കിയിരിക്കുന്നത്. നഗരസഭാ ഹാള്‍ വിട്ടുകൊടുക്കുന്നതിന് ചട്ടങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. സെപ്റ്റംബര്‍ അഞ്ചോടെ ഹാള്‍ വാടകക്ക് നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പറഞ്ഞു. ഹാളിലെ ആദ്യ പരിപാടി സെപ്റ്റംബര്‍ 17,18 തീയതികളിലെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനമാണ്. നവീകരിച്ച നഗരസഭാ ടൗണ്‍ ഹാള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്, മുന്‍ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ. അബ്ദുറഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ജി. നാരായണന്‍, ആയിഷത്ത് റുമൈസ, സൈബുന്നീസ ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ സരിത നായക്, കാസര്‍കോട് സാഹിത്യവേദി പ്രസിഡന്‍റ്് റഹ്മാന്‍ തായലങ്ങാടി, കാസര്‍കോട് പ്രസ്ക്ളബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, മര്‍ച്ചന്‍റ്സ് യൂനിറ്റ് പ്രസിഡന്‍റ്് എ.കെ. മൊയ്തീന്‍ കുഞ്ഞി, റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം.കെ. രാധാകൃഷ്ണന്‍, വിവിധ കക്ഷിനേതാക്കളായ എ.എം. കടവത്ത്, എന്‍. സതീശന്‍, കെ. ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും മുനിസിപ്പല്‍ റവന്യൂ ഓഫിസര്‍ കെ.പി. ദിനേശന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.