കോടോത്ത് നാരായണന്‍ നായര്‍ കാസര്‍കോട്ടെ നിറസാന്നിധ്യം

കാസര്‍കോട്: കഴിഞ്ഞദിവസം നിര്യാതനായ അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ കാസര്‍കോട്ടെ സാംസ്കാരിക മണ്ഡലത്തിന്‍െറ നിറസാന്നിധ്യമായിരുന്നു. വലിയ കാലവും കാസര്‍കോട് ചെലവഴിച്ചതിനുശേഷമാണ് കോഴിക്കോട്ടേക്ക് താമസം മാറിയത്. ചാലപ്പുറത്തെ വീട്ടില്‍ തിരുവോണ നാളിലായിരുന്നു അന്ത്യം. കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഏക സഹോദരനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് താമസം കോഴിക്കോട്ടേക്ക് മാറ്റിയത്. പരേതരായ വി.പി. ഗോവിന്ദന്‍ നായനാരുടെയും കോടോത്ത് പാര്‍വതിയമ്മയുടെയും മകനായി ജനിച്ച നാരായണന്‍ നായര്‍ നീലേശ്വരം രാജാസ് സ്കൂളില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് ബിരുദം നേടി. ബെല്‍ഗാം ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും പാസായി. മംഗളൂരുവിലാണ് ആദ്യമായി അഭിഭാഷകവൃത്തി തുടങ്ങിയത്. 1971 മുതല്‍ ആറ് വര്‍ഷക്കാലം ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായിരുന്നു. തലശ്ശേരി, കോഴിക്കോട് കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 22 വര്‍ഷക്കാലം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലീഗല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചു. കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡന്‍റായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ സ്വാഗതസംഘം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി. കാസര്‍കോട് മലയാള സഭക്കുവേണ്ടി മഹാജന കമീഷനില്‍ വാദിച്ചത് നാരായണന്‍ നായരായിരുന്നു. മലയാളം, കന്നട ഭാഷകള്‍ക്കിടയിലെ സൗഹൃദത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.