1060 ലിറ്റര്‍ വാഷ് പിടിച്ചു; 39 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓണാഘോഷത്തെ വ്യാജമദ്യത്തില്‍ മുക്കാന്‍ മദ്യമാഫിയ ശ്രമം തുടങ്ങി. ഇത് തടയാന്‍ എക്സൈസ് വകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഒരുമാസത്തിനുള്ളില്‍ 1060 ലിറ്റര്‍ വാഷ് പിടികൂടി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് വാഷ് പിടികൂടിയത്. 39 പേര്‍ അറസ്റ്റിലായി. എ.ഡി.എം എച്ച്. ദിനേശന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ജനകീയ കമ്മിറ്റി യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി. സലീമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഓണത്തോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന ഊര്‍ജിതമാക്കിയത്. വാഷ് കൂടാതെ 133 ലിറ്റര്‍ വിദേശമദ്യം, 29 ലിറ്റര്‍ ചാരായം, 215 ലിറ്റര്‍ സ്പിരിറ്റ്, 99 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളും പിടികൂടി. 47 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തും. ആംബുലന്‍സുകളില്‍പോലും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ലഹരി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതായി ആരോപണം ഉയര്‍ന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചെക്പോസ്റ്റുകളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആംബുലന്‍സുകള്‍ പരിശോധിക്കും. തീരദേശ മേഖലയിലെ വിദ്യാര്‍ഥികളില്‍ ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. തീരദേശ മേഖലയില്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ ശക്തമാക്കും. യോഗത്തില്‍ എക്സൈസ് അസി. കമീഷണര്‍ എ.എന്‍. ഷാ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. അബ്ദുല്ല മുഗുര്‍, നാഷനല്‍ അബ്ദുല്ല, കെ.പി. അനന്തകുമാര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.