മഞ്ചേശ്വരത്ത് മാതൃകാ വോട്ടെടുപ്പ് തൃപ്തികരം

കാസര്‍കോട്: മഞ്ചേശ്വരത്ത് ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ കലക്ടറും ഉള്‍പ്പെടെ 351 പേര്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ മാതൃകാ വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ രണ്ടുമണി വരെയായിരുന്നു വോട്ടെടുപ്പ്. ലളിതമായ വോട്ടെടുപ്പ് രീതിയെ സമ്മതിദായകരെല്ലാവരും പ്രശംസിച്ചു. ത്രിതല പഞ്ചായത്തുകളുടെയും സ്ഥാനാര്‍ഥികളുടെയും പേരുകള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും സജ്ജീകരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ തമ്മില്‍ അകലം കൂട്ടണമെന്നും വോട്ട് ചെയ്തവര്‍ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ് സമീറയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഷ്റത്ത് ജഹാനും വോട്ട് ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മോക്പോള്‍ ചെയ്തു. രണ്ട് ബൂത്തുകളിലായാണ് മോക് വോട്ടെടുപ്പ് നടത്തിയത്. 351 പേര്‍ വോട്ട് ചെയ്തു. 193 പുരുഷന്മാരും 158 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ബൂത്തില്‍ ഗ്രാമപഞ്ചായത്തിന് 178 വോട്ട് ചെയ്തതില്‍ ഒരെണ്ണവും ബ്ളോക് പഞ്ചായത്തില്‍ രണ്ടും ജില്ലാ പഞ്ചായത്തില്‍ അഞ്ചും വോട്ടുകള്‍ അസാധുവായി. രണ്ടാം ബൂത്തില്‍ 173 പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും രണ്ട് വീതവും ബ്ളോക് പഞ്ചായത്തില്‍ മൂന്ന് വോട്ടുകളും അസാധുവായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിരീക്ഷകരായി ജോ. സെക്രട്ടറിമാരായ ഈപ്പന്‍ ഫ്രാന്‍സിസ്, സി. രാധാകൃഷ്ണ കുറുപ്പ്, അഡീ. സെക്രട്ടറി എസ്. സെലിന്‍ എന്നിവരുണ്ടായിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റിജിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മോക്പോളിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. മുക്താര്‍, ബ്ളോക് പഞ്ചായത്ത് അംഗം തെരേസ പിന്‍േറാ, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ അബ്ദുല്ല കജെ, ജയന്തി, ഫാത്തിമ സൗറ, യാദവ ബഡാജെ, ബി.എം. നാഗേഷ്, എം. ഹരിശ്ചന്ദ്ര, പൈവളികെ പഞ്ചായത്ത് മെംബര്‍ അബ്ദുറസാഖ് ചിപ്പാര്‍, ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) എന്‍. ദേവീദാസ്, മഞ്ചേശ്വരം തഹസില്‍ദാര്‍ കെ. ശശിധരഷെട്ടി, ജൂനിയര്‍ സൂപ്രണ്ട് രാജന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ധനഞ്ജയന്‍ തുടങ്ങിയവര്‍ വോട്ടെടുപ്പില്‍ പങ്കാളികളായി. കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവിധ തലങ്ങളിലുമുള്ളവരും മാതൃകാ വോട്ടെടുപ്പില്‍ പങ്കാളികളായി. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് മോക്പോളിങ് നടത്തിയത്. പോളിങ് ബൂത്തില്‍നിന്ന് ബൂത്ത് ലെവല്‍ ഓഫിസര്‍ നല്‍കുന്ന സ്ളിപ്പുമായി ഒന്നാം പോളിങ് ഓഫിസറെ സമീപിക്കുകയും പരിശോധനക്കുശേഷം രണ്ടാം പോളിങ് ഓഫിസറുടെ രജിസ്റ്ററില്‍ ഒപ്പുവെക്കുകയും മൂന്നാം പോളിങ് ഓഫിസര്‍ സ്ളിപ് സ്വീകരിച്ച് പോളിങ്ങിന് കണ്‍ട്രോള്‍ യൂനിറ്റിനെ ഒരുക്കുകയും ചെയ്യുന്നതാണ് മോക് പോളിങ്ങിന്‍െറ ആദ്യ ഘട്ടം. മൂന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ നേരെ ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തിയശേഷം രണ്ടാം വോട്ടിങ് മെഷീനില്‍ സമീപിച്ച് ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ബ്രൗണ്‍ ബട്ടണ്‍ അമര്‍ത്തണം. മൂന്നാം മെഷീനില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെയും ഭാഗധേയം നിര്‍ണയിക്കുന്ന ബട്ടണ്‍ അമര്‍ത്തണം. വലിയ ബീപ് ശബ്ദം കേട്ടാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.