നഗരത്തിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ് ഇന്ന് നാടിന് സമര്‍പ്പിക്കും

കാസര്‍കോട്: ഏറെനാളത്തെ മുറവിളിക്കൊടുവില്‍ നഗരത്തില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമായി. ദേശീയ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡിന്‍െറ ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ 250 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള മല്‍സ്യമാര്‍ക്കറ്റ് വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. മാര്‍ക്കറ്റ് നിലവില്‍ വരുന്നതോടെ നിരവധി തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകും. ഒപ്പം രൂക്ഷമായ ഗതാഗതകുരുക്കിനും മലിനീകരണത്തിനും പരിഹാരമാവും എന്നാണ് പ്രതീക്ഷ. പദ്ധതി തുകയില്‍ 225 ലക്ഷം രൂപ ദേശീയ ഫിഷറീസ് ഡവലെപ്മെന്‍റ് ബോര്‍ഡും 25 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. മല്‍സ്യമാര്‍ക്കറ്റില്‍ റീട്ടെയില്‍ ബ്ളോക്കില്‍ 130 ഡിസ്പ്ളേ സ്റ്റാളുകളും സിങ്ക് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലേല ബ്ളോകിന്‍െറ താഴത്തെ നിലയില്‍ മത്സ്യം ലേലം ചെയ്യുന്നതിനായി വിശാലമായ ഹാളും അഞ്ച് മൊത്ത വില്‍പ്പന സ്റ്റാളുകളും ഫ്ളേറ്റ് ഐസ് യൂനിറ്റും ചില്‍മുറിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ സ്ഥലത്താണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. തീരദേശ വികസന കോര്‍പറേഷന്‍ മാര്‍ക്കറ്റ് നഗരസഭക്ക് കൈമാറും. 160 തൊഴിലാളികള്‍ക്ക് ഒരേസമയം ഇരുന്ന് മല്‍സ്യവില്‍പന ചെയ്യാനുള്ള സംവിധാനമുണ്ട്. ഓരോതരം മത്സ്യം വില്‍ക്കാന്‍ പ്രത്യേക കൗണ്ടറുമുണ്ട്. മത്സ്യം സൂക്ഷിക്കാനും, ശുചീകരണത്തിനും പ്രത്യേക സംവിധാനമുണ്ട്. കൂടാതെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി ശൗചാലയങ്ങള്‍, വിശ്രമ മുറി എന്നിവയും ഉണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും മലിനജലം കടത്തിവിടാനും സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിനടുത്തെ റോഡരികില്‍ വച്ചാണ് തൊഴിലാളികള്‍ വില്‍പ്പന നടത്തുന്നത്. ഇതുകാരണം മാര്‍ക്കറ്റ് റോഡില്‍ ഗതാഗതകുരുക്ക് പതിവാണ്. മാര്‍ക്കറ്റിലെ മലിനജലം നഗരത്തിലേക്ക് ഒലിച്ചുവരുന്നതിനാല്‍ കൊതുകുകള്‍ വളരാനും നഗരത്തില്‍ ദുര്‍ഗന്ധം വമിക്കാനും കാരണമാകുന്നു. പുതിയ മാര്‍ക്കറ്റ് തുറക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു.വൈകുന്നേരം 4.30ന് മന്ത്രി കെ. ബാബു മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ അമ്പാടി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ കലക്്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ താഹിറ സത്താര്‍, എ. അബ്ദുറഹ്്മാന്‍, അഡ്വ. യു എസ് ബാലന്‍, അബ്ബാസ് ബീഗം, ആയിഷത്ത് റുമൈസ, ഇ. അബ്ദുറഹ്്മാന്‍ കുഞ്ഞുമാസ്റ്റര്‍, സൈബുന്നിസ ഹനീഫ്, ജി നാരായണന്‍, പി. രമേശ്, ഫൗസിയ റാഷിദ് സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.