ഓണത്തിന് വര്‍ണപ്പട്ടായി കാസര്‍കോട് സാരികള്‍

കാസര്‍കോട്: പൊന്നോണത്തെ നിറങ്ങളുടെ വര്‍ണ വിസ്മയമൊരുക്കി വരവേല്‍ക്കാനും കേരള മങ്കമാര്‍ക്ക് ചാരുത പകരാനും കാസര്‍കോട് സാരികള്‍ ഒരുങ്ങി. വിദ്യാനഗര്‍ ഉദയഗിരിയിലുള്ള കാസര്‍കോട് വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയിലും കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിലുള്ള കോഓപറേറ്റിവ് സൊസൈറ്റിയുടെ ഷോറൂമിലും വിവിധ വര്‍ണത്തിലും ഡിസൈനിലുമുള്ള കാസര്‍കോട് സാരീസിന്‍െറ വന്‍ ശേഖരംതന്നെ എത്തിയിട്ടുണ്ട്. 20 ശതമാനം റിബേറ്റോടുകൂടിയാണ് വിപണനം ചെയ്യുന്നത്. 1000 രൂപ മുതല്‍ 1800 രൂപ വരെയാണ് വില. പ്രകൃതിദത്തമായ നൂല്‍ ഉപയോഗിച്ച് യന്ത്രസഹായമില്ലാതെ നെയ്തെടുക്കുന്ന ഈ സാരികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതാണ് പ്രത്യേകത. സാരിക്ക് ജില്ലക്ക് പുറത്തും കേരളത്തിന് പുറത്തും വന്‍ ഡിമാന്‍ഡാണ് ഉള്ളത്. മികവിനുള്ള അംഗീകാരമായി 2010ല്‍തന്നെ സാരിയെ തേടി ഭൗമസൂചിക പദവി എത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ഓണത്തിനോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന മേളയിലും ഹാന്‍ഡ്ലൂം ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലും കാസര്‍കോട് സാരീസ് വിപണനം ചെയ്യുന്നുണ്ട്. ഉദയഗിരിയിലുള്ള കാസര്‍കോട് വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയില്‍ ഒരുക്കിയ ഓണം വിപണനമേള രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.