മഞ്ചേശ്വരം: മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റില്‍ ചരക്ക് ലോറികള്‍ ദേശീയപാതയോരത്ത് പരിശോധനക്ക് നിര്‍ത്തിയിടുന്നതുമൂലം മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുന്നത് തുടര്‍ക്കഥയാവുന്നു. ദീര്‍ഘദൂര ചരക്ക് ലോറികളും എല്‍.പി.ജി പോലെയുള്ള ഓണ്‍ ഡ്യൂട്ടി വാഹനങ്ങളും പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളമാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിന് ഇരുവശവും പിടിച്ചിടുന്നത്. മിനിറ്റുകള്‍ക്കകം വാഹനവും രേഖകളും പരിശോധിച്ച് വിടാമെന്നിരിക്കെ നിലവില്‍ മണിക്കൂറുകള്‍ മുതല്‍ രണ്ടുദിവസം വരെയാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. രാവിലെയും വൈകീട്ടുമാണ് ഗതാഗത തടസ്സം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇതുമൂലം മംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് കോളജില്‍ എത്താനോ തിരിച്ച് വീട്ടില്‍ എത്താനോ സാധിക്കുന്നില്ല. ബസ് സര്‍വിസുകള്‍ ഗതാഗതക്കുരുക്കില്‍ പെടുന്നതിനാല്‍ പലര്‍ക്കും ജോലിക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇവിടത്തെ കുരുക്കില്‍പെട്ട് വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ ഒരാഴ്ച മുമ്പാണ് കാസര്‍കോട് സ്വദേശിക്ക് ദുബൈയിലെ ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ഗുരുതരാവസ്ഥയിലുള്ള രോഗിയെ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വാഹനവും കുരുക്കിലകപ്പെട്ടു. ഒടുവില്‍, ഉപ്പള-മിയാപദവ് വഴി ഹൊസങ്കടിയിലൂടെയാണ് മംഗളൂരുവിലേക്ക് എത്തിച്ചത്. വൈകീട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം ചെക്പോസ്റ്റില്‍ കാത്തുകിടക്കേണ്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സന്ധ്യ കഴിഞ്ഞാണ് വീടുകളിലേക്ക് എത്താന്‍ സാധിക്കുന്നത്. മഞ്ചേശ്വരം ചെക്പോസ്റ്റിലെ ഗതാഗത തടസ്സം രണ്ടാഴ്ചക്കകം മാറ്റുമെന്ന് ഒന്നരമാസം മുമ്പ് ജില്ലാ കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനായി റോഡ് വീതി കൂട്ടുമെന്നും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞിട്ടും ഇതിന്‍െറ പ്രാഥമിക നടപടികള്‍പോലും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.