കാസര്‍കോട്: രൂക്ഷമായ കടലാക്രമണം നേരിട്ട കാസര്‍കോട് കടപ്പുറത്ത് താമസിക്കുന്നവരുടെ സര്‍വേ തുടങ്ങി. കാസര്‍കോട് ചേരങ്കൈ, കസബ കടപ്പുറത്തെ താമസക്കാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കടലാക്രമണം രൂക്ഷമായതിനാല്‍ ഇവിടത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എല്ലാ വര്‍ഷവും രൂക്ഷമായ കടലാക്രമണം നേരിടുന്ന ചേരങ്കൈ, കസബ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പ്രദേശവാസികളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി. റവന്യൂ, നഗരസഭ, ഫിഷറീസ് ഡിപ്പാര്‍ട്മെന്‍റുകള്‍ സംയുക്തമായാണ് പ്രദേശത്തെ 150ഓളം വീടുകളുടെ സര്‍വേ നടത്തുന്നത്. സര്‍വേയില്‍ പ്രദേശത്തെ വീടുകളുടെ അവസ്ഥ, അംഗങ്ങളുടെ എണ്ണം, റേഷന്‍ കാര്‍ഡ് നമ്പര്‍, മാറിത്താമസിക്കാന്‍ സന്നദ്ധരായവര്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ മുഷ്താഖ് ചേരങ്കൈ, തഹസില്‍ദാര്‍ കെ. അംബുജാക്ഷന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.പി. വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വേ പൂര്‍ത്തിയാക്കിയശേഷം ആഗസ്റ്റ് 20ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.