ചാമ്പാട് എൽ.പി സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ

കൂത്തുപറമ്പ്: വാഹനമിടിച്ചതിനെ തുടർന്ന് ചാമ്പാട് എൽ.പി സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായി മാറി. ഇന്നലെ പുലർച്ചയോടെ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലിടിച്ചതാണ് സ്കൂളിൻെറ ബലക്ഷയത്തിന് കാരണമായത്. തലശ്ശേരി-ഇരിക്കൂർ പ്രധാനപാതക്കരികിൽ പ്രവർത്തിക്കുന്ന സ്കൂളാണ് അപകടാവസ്ഥയിലായിട്ടുള്ളത്. കണ്ണൂർ എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തണൽമരവും സുരക്ഷാ കവചവും തകർത്ത ശേഷം സ്കൂളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റ കാർ യാത്രക്കാരൻ ചികിത്സയിലാണ്. ശക്തമായ ഇടിയിൽ സ്കൂൾ കെട്ടിടത്തിൻെറ തൂണിനും ചുവരിനും വിള്ളൽ വീണിട്ടുണ്ട്. രാത്രിയായതിനാൽ വൻ അപകടം വഴിമാറുകയായിരുന്നു. എയർപോർട്ടിലേക്കുള്ള പ്രധാന പാതക്കരികിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് ചാമ്പാട് എൽ.പി സ്കൂൾ പ്രവർത്തിച്ചുവരുന്നത്. സ്കൂളിൻെറ അപകടാവസ്ഥ മുന്നിൽക്കണ്ട് പി.ടി.എയുടെ സഹായത്തോടെ മാനേജ്മൻെറ് പുതിയ കെട്ടിടം നിർമിച്ചിരിക്കുകയാണ്. എന്നാൽ, അധികൃതരിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റാൻ സാധിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നേരത്തെയും നിരവധി തവണ ചാമ്പാട് എൽ.പി സ്കൂളിലേക്ക് വാഹനങ്ങൾ പാഞ്ഞ് കയറി അപകടങ്ങൾ സംഭവിച്ചിരുന്നു. രാത്രിയായതിനാലാണ് പലപ്പോഴും അപകടങ്ങൾ വഴി മാറിയിട്ടുള്ളത്. റോഡിലെ ഇറക്കത്തിൽ അപകടാവസ്ഥ സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾ കൂടാൻ ഇടയാക്കുകയാണ്. ചാമ്പാട് എൽ.പി സ്കൂളിൻെറ പുതിയ കെട്ടിടത്തിന് അടിയന്തരമായി പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.