ആലക്കോട്: കരുവൻചാൽ ന്യൂ ബസാറിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ യുവാവ് തകർത്തു. ഇത് തടയാൻചെന്ന ജീവനക്കാരനായ ലിജിൻ ജോണിയെ (27) ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ന്യൂ ബസാറിലെ ജനത ടയർ വർക്ക് േഷാപ് ഉടമയും വർക്േഷാപ് അസോസിയേഷൻ ഓഫ് കേരള ആലക്കോട് മേഖല സെക്രട്ടറിയുമായ കണിയാൻ ചാലിലെ ടി. അശോകൻെറ മാരുതി ആൾട്ടോ കാറാണ് കോട്ടക്കടവ് സ്വദേശിയും ലോറി ഡ്രൈവറുമായ സലിം തകർത്തത്. ഇയാൾ മദ്യലഹരിയിലായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് കാറിനുനേരെ അക്രമം നടത്തിയത്. കരിങ്കല്ലുകൊണ്ട് കാറിൻെറ നാലു വശത്തെയും ഗ്ലാസുകൾ ഇടിച്ചു തകർത്തു. ഗുരുതര പരിക്കേറ്റ ലിജിൻ ജോണിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവമറിഞ്ഞ് ആലക്കോട് പൊലീസ് സ്ഥലത്ത് എത്തി സലിമിനെ കസ്റ്റഡിയിലെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കരുവൻചാൽ യൂനിറ്റ് പ്രസിഡൻറ് ജയിംസ് പുത്തൻപുര, ടോമി ജോസഫ് കാരിക്കാട്ടിൽ, പി.എസ്. അബ്ദുൽ മജീദ് മറ്റ് യൂനിറ്റ് ഭാരവാഹികളും ചേർന്ന് പൊലീസിൽ പരാതി നൽകി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.ഐ എം.വി. ഷിജു ഉറപ്പ് നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ആലക്കോട് മേഖലയിൽ ഹർത്താൽ ആചരിക്കുകയും കരുവൻചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. ഡി.പി. സുരേന്ദ്രൻ, വിശ്വനാഥൻ, മധു പാലക്കാട്, ടി. അശോകൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.