കണ്ണൂർ: ജില്ലപഞ്ചായത്ത് ഒാഫിസിന് സമീപത്തെ വിത്തുപത്തായം വൈൻഡിങ് മെഷീൻ പണിമുടക്കിയിട്ട് മാസങ്ങളായി. ലക്ഷങ്ങൾ ചെലവഴിച്ച് ജില്ലപഞ്ചായത്തിൻെറ നേതൃത്വത്തിലാണ് വിത്തുപത്തായം പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ജില്ലപഞ്ചായത്തിന് സമീപത്തെ മെഷീൻ പണി മുടക്കിയിരുന്നു. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കർഷകർക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ടരലക്ഷം ചെലവഴിച്ച് പത്തായം സ്ഥാപിച്ചത്. ഇൗ വർഷം മാർച്ചിലായിരുന്നു മെഷിൻെറ ഉദ്ഘാടനം കഴിഞ്ഞത്. തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നാണ് അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എത്തിക്കുന്നത്. ചീര, പയർ, വഴുതന, മത്തൻ, കുമ്പളം തുടങ്ങി 16 വിത്തിനങ്ങളാണ് പത്തായത്തിലുള്ളത്. ജില്ലപഞ്ചായത്ത്, ജില്ല ആശുപത്രി, മൃഗാശുപത്രി എന്നിവക്ക് സമീപമായിരുന്നു മൂന്നു വിത്തു പത്തായങ്ങൾ സ്ഥാപിച്ചത്. 10 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള വിത്തിനം ലഭിക്കുന്ന രീതിയിലുള്ള വൈൻഡിങ് മെഷീനാണ് ക്രമീകരിച്ചിരിക്കുന്നത്. പണം നിക്ഷേപിച്ചതിനുശേഷം ആവശ്യമായ വിത്തിൻെറ കോഡ് രേഖപ്പെടുത്തിയാൽ മെഷിനിലൂടെ വിത്ത് ഉപഭോക്താവിൻെറ കൈയിലെത്തുന്ന രീതിയിലായിരുന്നു സംവിധാനം. ജില്ല പഞ്ചായത്തിൻെറ സമീപം സ്ഥാപിച്ച മെഷിൻെറ സെൻസർ സംവിധാനം മഴവെള്ളത്താൽ നനഞ്ഞ് തകരാറിലായതിനാലാണ് പ്രവർത്തനം നിലച്ചത്. നിലവിൽ പാതയോരത്ത് മഴയും വെയിലും ഏൽക്കുന്ന സ്ഥലത്താണ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്. ഇത് ജില്ലപഞ്ചായത്ത് ഒാഫിസിൻെറ വരാന്തയിലേക്ക് മാറ്റി അറ്റകുറ്റപ്രവൃത്തി നടത്തി മെഷിൻ പ്രവർത്തന സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.