അപകടരഹിത ഇടനാഴിക്കായി ട്രോമാകെയര്‍ വളൻറിയര്‍ സംഘങ്ങള്‍

കണ്ണൂർ: പിലാത്തറ-പാപ്പിനിശ്ശേരി റോഡ് അപകടരഹിത ഇടനാഴി (സേഫ്റ്റി കോറിഡോര്‍) ആക്കുന്നതിൻെറ ഭാഗമായി ഈ മേഖലയില്‍ ബ ോധവത്കരണ, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. റോഡപകടങ്ങള്‍ തടയുന്നതിന് സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ബോധവത്കരണവും അപകടങ്ങളുണ്ടായാല്‍ പ്രഥമശുശ്രൂഷയടക്കമുള്ള അടിയന്തര കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പ്രാദേശിക ട്രോമാകെയര്‍ വളൻറിയര്‍ സംഘങ്ങള്‍ ഉണ്ടാക്കുകയുമാണ് ലക്ഷ്യം. ടി.വി. രാജേഷ് എം.എല്‍.എ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. പൊലീസ്, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് വളൻറിയര്‍ സംഘങ്ങള്‍ ഉണ്ടാക്കുക. ഓട്ടോറിക്ഷ തൊഴിലാളികള്‍, ഇതര മേഖലകളിലെ തൊഴിലാളികള്‍, കച്ചവടക്കാര്‍, യുവാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയ അപകടസ്ഥലങ്ങളില്‍ ആദ്യമെത്താന്‍ കഴിയുന്നവര്‍ക്കാണ് പരിശീലനം നല്‍കുക. വാഹനാപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സ്പിന്‍ബെഡ്, സ്ട്രെച്ചര്‍, നെക്ക് കോളര്‍, പ്രഥമശുശ്രൂഷ സംവിധാനം എന്നിവ മേഖലയിലെ നാല് പൊലീസ് സ്‌റ്റേഷനുകളിലും സജ്ജീകരിക്കും. ഇവ കൈകാര്യം ചെയ്യാന്‍ പൊലീസിന് പ്രത്യേക പരിശീലനം നല്‍കും. ബോധവത്കരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം 23ന് വൈകീട്ട് 4.30ന് പിലാത്തറയില്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് നിര്‍വഹിക്കും. തുടര്‍ന്ന് പഞ്ചായത്തുതലങ്ങളിലും ബോധവത്കരണ ക്ലാസുകളും ട്രോമാകെയര്‍ പരിശീലനവും നടക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.