കൂത്തുപറമ്പ്: ഒരുവശത്ത് കുടിവെള്ളം കിട്ടാതെ ജനം വലയുമ്പോൾ മറുവശത്ത് പാഴാകുന്നത് ലിറ്റർകണക്കിന് കുടിവെള്ളം. കൂത്തുപറമ്പ് ടൗണിൽ മാർക്കറ്റിന് സമീപം കുനിയിൽ പാലം റോഡിലാണ് പൈപ്പ്പൊട്ടി രണ്ടു ദിവസമായി കുടിവെള്ളം കുത്തിയൊഴുകുന്നത്. വേനൽ ശക്തമായതോടെ കടുത്ത ജലക്ഷാമമാണ് കൂത്തുപറമ്പ് മേഖലയിൽ അനുഭവപ്പെടുന്നത്. കിണറുകൾ വ്യാപകമായി വറ്റിയതോടെ വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് പലരുടെയും ഏക ആശ്രയം. എന്നാൽ, ടൗണിൻെറ പല ഭാഗത്തും ഇടക്കിടെ പൈപ്പ് പൊട്ടുന്നത് കാരണം നിരവധി കുടുംബങ്ങൾക്കാണ് കുടിവെള്ളം ഇല്ലാതാകുന്നത്. കുനിയിൽ പാലം റോഡിൽ രണ്ട് ദിവസം മുമ്പ് പൊട്ടിയ പൈപ്പ് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതരെത്തി അറ്റകുറ്റപ്പണി ചെയ്തിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ വീണ്ടും അതേ സ്ഥലത്ത് തന്നെ പൈപ്പ് പൊട്ടി. മെയിൻ പൈപ്പ് ലൈൻ പൊട്ടിയതോടെ വൻതോതിലാണ് റോഡിലൂടെ കുടിവെള്ളം കുത്തിയൊഴുകുന്നത്. ഏതാനും ദിവസം മുമ്പ് നവീകരിച്ച കുനിയിൽ പാലം റോഡ് വെള്ളം കുത്തിയൊഴുകി തകരുകയാണ്. വലിയ കുഴി രൂപപ്പെട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായി. നഗരത്തിൻെറ ഹൃദയഭാഗത്ത് പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം നഷ്ടമായിട്ടും പമ്പിങ് നിർത്തിവെക്കാനോ ശാശ്വത പരിഹാരം കാണാനോ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.