തലശ്ശേരി: വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ തെരഞ്ഞെടുപ്പ് പര്യടനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജ യരാജനെയും തങ്ങളെയും മോശമായ തരത്തിൽ അധിക്ഷേപിക്കുന്നതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസുവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകനും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിൽ തങ്ങൾക്കൊക്കെ പങ്കുണ്ടെന്ന രീതിയിലാണ് വ്യാപക പ്രചാരണം നടത്തുന്നത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായുള്ള സ്വീകരണ പൊതുയോഗങ്ങളിലാണ് സമൂഹത്തിൽ ഇകഴ്ത്തിക്കാട്ടാൻ വേണ്ടി മോശമായ ഭാഷ ഉപയോഗിച്ച് മുരളീധരൻ അധിക്ഷേപിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ച പെരുമാറ്റച്ചട്ടത്തിൻെറ നഗ്നമായ ലംഘനമാണ് മുരളീധരൻ നടത്തുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം നടത്തി മുരളീധരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇരുവരും പറഞ്ഞു. ചീഫ് ഇലക്ടറൽ ഒാഫിസർ ടീകാറാം മീണക്ക് ഇതു സംബന്ധിച്ച് ഇരുവരും പരാതി നൽകി. മുരളീധരൻ പ്രസംഗിച്ചതിൻെറ സീഡിയും നൽകിയിട്ടുണ്ട്. പി. ജയരാജനെ മുമ്പ് ആക്രമിച്ചതും ബോംബെറിഞ്ഞതും തങ്ങൾ അറിയാത്ത കാര്യമാണ്. ആർ.എസ്.എസിൻെറ ഇത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് സി.പി.എമ്മിൽ ചേർന്നതെന്ന് ഒ.കെ. വാസുവും എ. അശോകനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.