വിദ്യാർഥികളെ വെള്ളം കുടിപ്പിക്കാൻ 'വാട്ടർ ബെൽ'

പാനൂർ: ആരോഗ്യത്തോടെ വളരാൻ വിദ്യാർഥികളെ വെള്ളം കുടിപ്പിക്കാൻ പദ്ധതിയുമായി കണ്ണങ്കോട് വെസ്റ്റ് എൽ.പി സ്കൂൾ അധികൃതർ രംഗത്ത്. വെള്ളംകുടി വിദ്യാർഥികളെ ഓർമിപ്പിക്കാൻ രാവിലെ 11നും വൈകീട്ട് മൂന്നിനുമാണ് സ്കൂളിൽ വാട്ടർ ബെൽ അടിക്കുക. ഈ സമയത്ത് കുട്ടികൾ അവരവരുടെ സീറ്റിലിരുന്ന് ക്ലാസിൽ ഒരുക്കിവെച്ച വെള്ളം കുടിക്കണം. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ പുതിയൊരു തീരുമാനം നടപ്പാക്കിയത്. എല്ലാ കുട്ടികളും വീട്ടിൽനിന്ന് കുടിവെള്ളം കൊണ്ടുവരാറുണ്ട്. എന്നാൽ, ഈ വെള്ളം വൈകീട്ട് അതുപോലെ തിരിച്ചുകൊണ്ടുപോവുകയാണ് പതിവ്. വീട്ടിലെ വഴക്കിനെ ഭയന്ന് ചില കുട്ടികൾ മുഖം കഴുകിയും പാത്രം കഴുകിയും തീർക്കും. വെള്ളം കുടിക്കുന്നതിൽ പെൺകുട്ടികളാണ് പിന്നിൽ. മൂത്രാശയ സംബന്ധമായ രോഗവും മറ്റുമായി ചികിത്സക്കു വിധേയമാകുമ്പോൾ ഡോക്ടർ നിർദേശിക്കുന്നത് ധാരാളം വെള്ളം കുടിക്കാനാണ്. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാലയ അങ്കണത്തിൽ പഞ്ചായത്തംഗം കെ.പി.സമീറ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അർഷാദ് തമ്മാളിൽ അധ്യക്ഷത വഹിച്ചു. കൊളവല്ലൂർ എസ്.ഐ നാരായണൻ, എ.എസ്.ഐ ബാലകൃഷ്ണൻ, ടി.ടി. കുഞ്ഞമ്മദ് ഹാജി, മദർ പി.ടി.എ പ്രസിഡൻറ് സി.കെ. ഷീബ, മിനി ജയൻ, ഇ.അബൂബക്കർ, ശംസീർ കാട്ടിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ല പൂതങ്കോട് സ്വാഗതവും എൻ.വി. നിധുൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.