സി.പി.എം കര്‍ണാടക സംസ്ഥാന സമ്മേളനത്തിന് സമാപനമായി

ജി.വി. ശ്രീറാം റെഡ്ഡി സംസ്ഥാന സെക്രട്ടറി മംഗളൂരു: . ദക്ഷിണ കന്നടയിലെ മൂഡബിദ്രിയില്‍ നാലു ദിവസമായി നടന്ന സമ്മേളനം ജി.വി. ശ്രീറാം റെഡ്ഡിയെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 23 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആറുപേർ പ്രത്യേക ക്ഷണിതാവാകും. 11 അംഗ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തു. സംഘ്പരിവാര്‍ നടത്തിവരുന്ന വര്‍ഗീയ ധ്രുവീകരണം, സദാചാര ഗുണ്ടായിസം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സമ്മേളനം തീരുമാനിച്ചു. മതത്തി​െൻറയും സദാചാരത്തി​െൻറയും പേരില്‍ സംഘ്പരിവാര്‍ സ്ത്രീകള്‍ക്ക് നേരെയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. സംഘ്പരിവാറി​െൻറ അക്രമങ്ങള്‍ക്കെല്ലാം പൊലീസി​െൻറ മൗനാനുവാദമുള്ളതായി അക്രമങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഇതര സമുദായങ്ങളില്‍പെട്ടവര്‍ വിവാഹിതരാകുന്നത് തടയിടാനും അവരെ ആക്രമിക്കാനും ലവ് ജിഹാദ് എന്ന് പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ഗീയലഹളക്ക് ശ്രമം നടക്കുന്നുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും അണിനിരത്തി വര്‍ഗീയതക്കും സദാചാര ഗുണ്ടായിസത്തിനുമെതിരെ ബഹുജനപ്രക്ഷോഭം ഉയര്‍ത്താന്‍ സമ്മേളനം ആഹ്വാനംചെയ്തു. തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നവ കര്‍ണാടക സൃഷ്ടിക്കായി പോരാടുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേജസ് 18,000മായി ഉയര്‍ത്തുക, പൊതുമേഖല കമ്പനികള്‍ അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജി.വി. ശ്രീറാം റെഡ്ഡി എസ്.എഫ്‌.ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. 1981ല്‍ ഡി.വൈ.എഫ്‌.ഐയുടെ ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായി. 85ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായി. കരുത്തനായ നേതാവായി വളര്‍ന്ന ശ്രീറാം റെഡ്ഡിയെ 84 മുതല്‍ ചിക്കബെല്ലാപ്പൂരിലെ ബാഗെപള്ളിയിലേക്ക് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി നിയോഗിച്ചു. കര്‍ണാടകയിലെ സി.പി.എമ്മി​െൻറ ഏറ്റവും ശക്തിയുള്ള പ്രദേശമായി ബാഗെപള്ളിയെ മാറ്റിയ റെഡ്ഡി 1994ലും 2004ലും ഇവിടെനിന്ന് എം.എല്‍.എയായി ജയിച്ചുകയറി. ചിക്കബെല്ലാപ്പൂരിലെ ചിന്താമണി സ്വദേശിയാണ്. എൽ.എൽ.ബി ബിരുദധാരിയായ ശ്രീറാം റെഡ്ഡി അവിവാഹിതനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.