കുടക്​ മണ്ണിടിച്ചിൽ: മൂന്ന്​ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വീരാജ്പേട്ട: പത്തുദിവസംമുമ്പ് കുടകിലെ മടിക്കേരിയിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തി. ഹഡഗേരിയിലെ ഫ്രാൻസിസ് (47), ഹെബുടഗേരിയിലെ ചന്ദ്രപ്പ (58), ഉദയഗിരിയിലെ ബാബു (56) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. മണ്ണിനടിയിൽപെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഒാരോ പ്രദേശത്തെയും വീടുകൾ മൊത്തം മണ്ണിനടിയിൽപെട്ടിരിക്കുന്നതുകൊണ്ട് മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. കാണാതായവരെക്കുറിച്ചുള്ള പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സോമവാർപേട്ട മൂവെതാക്കലുവിലെ മുക്കാട്ടിറ ഉത്തപ്പ എന്ന സാബുവിനെ (58) കഴിഞ്ഞ 10 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 16ന് വൈകുന്നേരമാണ് ഉത്തപ്പയുടെ വീട് നിലനിന്ന രണ്ട് ഏക്കർ തോട്ടം മണ്ണിനടിയിലായത്. ഇപ്പോൾ വീടി​െൻറ അടയാളംപോലും കാണാനില്ല. മണ്ണ് നീക്കാൻ മടിക്കേരിയിൽനിന്ന് ജെ.സി.ബി കൊണ്ടുവന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം നടന്നില്ല. ഉത്തപ്പയെ കൂടാതെ മറ്റാരെങ്കിലും വീട്ടിലുണ്ടായിരുന്നോ എന്നും അറിവില്ല. കഴിഞ്ഞ 10 ദിവസങ്ങളിലെ പ്രകൃതിക്ഷോഭത്തെ തുടർന്ന് ജില്ലയിലുണ്ടായ നാശനഷ്ടം 2000 കോടി വരുമെന്ന് കണക്കാക്കുന്നു. 4000ത്തോളം ഏക്കർ കാപ്പിക്കൃഷിയാണ് നശിച്ചത്. 716 വീടുകൾ പൂർണമായും തകർന്നു. 416 വീടുകൾക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. 10 ഗ്രാമങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 1500 കിലോമീറ്ററോളം ഗ്രാമീണ-നഗര പ്രദേശങ്ങളിലെ റോഡ് തകർന്നു. 58 പാലങ്ങൾക്കും 258 വൻകിട കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചു. കനത്ത പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കാൻ ജില്ല ഭരണകൂടം വിവിധ സ്ഥലങ്ങളിലായി 44 ഏക്കർ റവന്യൂഭൂമി കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.