തീരദേശത്ത് സംഘർഷം: മാഹി ടൗണിൽ ഇന്ന് ഹർത്താൽ

മാഹി: മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തമ്മിൽ പാറക്കലിലുണ്ടായ സംഘർഷത്തെതുടർന്ന് മാഹി ടൗണിൽ ചൊവ്വാഴ്ച മത്സ്യത്തൊഴിലാളി ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. തിങ്കളാഴ്ച വൈകീട്ടാണ് സംഘർഷമുണ്ടായത്. കൊയിലാണ്ടിയിൽനിന്നും മാഹി കടലിൽ മത്സ്യബന്ധനത്തിനായി എത്തിയവരുടെ ബസുകൾ പാർക്ക് ചെയ്തത് നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. പാറക്കലിൽ തീരദേശ പൊലീസ് സ്റ്റേഷനുസമീപം തീരദേശ റോഡിൽ ബസുകൾ പാർക്ക് ചെയ്തത് ഗതാഗത തടസ്സമുണ്ടാക്കും വിധമാണെന്നും അത് നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പൊലീസിനെ അസഭ്യം പറഞ്ഞതായി ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ പൊലീസ് മർദിച്ചതായി ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ സംഘം പൊലീസ് ഔട്ട് പോസ്റ്റിൽനിന്നും ഇയാളെ ഇറക്കിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ പൂഴിത്തല അയ്യിട്ട വളവിൽ നകുലനെ (49) മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഐക്യവേദി നഗരത്തിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.