കണ്ണൂർ: വയലേലകളും ജനവാസകേന്ദ്രങ്ങളും കീറിമുറിച്ച് കടന്നുപോകുന്ന ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ പ്രവൃത്തിക്കെതിരെ പ്രതിഷേധമിരമ്പുന്നു. പ്രവൃത്തി ആരംഭിച്ച് വർഷങ്ങളായെങ്കിലും ജനങ്ങളുടെ പരാതിയും ആശങ്കകളും നീക്കുന്നതിന് നടപടിയെടുക്കാതെ പൈപ്പിടൽ ആരംഭിച്ചതോടെയാണ് കണ്ണൂരിൽ പ്രതിഷേധങ്ങൾ പടർന്നു തുടങ്ങിയത്. കുറുമാത്തൂർ പഞ്ചായത്തിലെ ബാവുപ്പറമ്പ്, മുണ്ടേരി പഞ്ചായത്തിലെ പുറവൂർ, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചെക്കിക്കുളം, പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറ എന്നിവിടങ്ങളിലാണ് ൈപപ്പിടൽ പ്രവൃത്തികൾ ആരംഭിച്ചത്. കടുത്ത പ്രതിഷേധങ്ങളാണ് പ്രദേശങ്ങളിൽ ഉയർന്നിട്ടുള്ളത്. നാട്ടുകാരുടെ കൂട്ടായ്മയിൽ രൂപപ്പെട്ട സമരസമിതികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ പൊലീസ് ലാത്തിവീശുകവരെയുണ്ടായി. പിന്മാറാതെ സമരപാതയിൽ ഉറച്ചുനിന്ന സമരസമിതികൾക്കും കൂട്ടായ്മകൾക്കും െഎക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സ്ഥലമെടുപ്പുൾപ്പെടെ ആദ്യകാലത്ത് സഹകരിച്ചിരുന്നവരിൽ പലരും ഇപ്പോൾ സമരപാതയിലാണ്. യഥാർഥ വശങ്ങൾ മറച്ചുവെച്ച് തങ്ങളെ വഞ്ചിച്ചുവെന്ന വികാരമാണ് ഒരു വശത്തുനിന്ന് ഉയരുന്നത്. എതിർപ്പ് അറിയിച്ചിട്ടും പരിഗണിക്കാതെ, ഭൂമി കൈയേറിയെന്ന പരാതി മറ്റൊരു കോണിൽ നിന്നും ഉയരുന്നു. അങ്ങിങ്ങായി ഉയർന്ന പ്രതിഷേധങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണ്. ഇന്ന്് നടക്കുന്ന കലക്ടറേറ്റ് മാർച്ചിൽ കൂട്ടായ സമരത്തിന് വേദിയൊരുക്കുകയാണ് പദ്ധതിയുടെ ഭാഗമായി ബലിയാടാക്കപ്പെട്ടവർ. 503 കിലോമീറ്റർ ദൈർഘ്യമുള്ള മംഗളൂരു-കൊച്ചി ഗെയിൽ പ്രകൃതിവാതക പദ്ധതിയുടെ ഭാഗമായി 83 കിേലാമീറ്റർ ദൈർഘ്യത്തിലാണ് ജില്ലയിൽ ൈപപ്പുകളിടുന്നത്. പുത്തൂർ, സ്വാമിമുക്ക്, മാത്തിൽ, എരമം, കണ്ടോന്താർ, ചന്തപ്പുര, കടന്നപ്പള്ളി, അമ്മാനപ്പാറ, ഇരിങ്ങൽ, കുറ്റിയേരി, ചെനയന്നൂർ, ചവനപ്പുഴ, കരിമ്പം, പനക്കാട്, മുണ്ടേരി, ബാവുപ്പറമ്പ്, മയ്യിൽ, എടൂർ, ചെക്കിക്കുളം, പുറവൂർ, കാഞ്ഞിരോട്, പച്ചപ്പൊയ്ക, പാനൂർ, മുണ്ടത്തോട് വഴിയാണ് പൈപ്പ്ലൈൻ പോകുന്നത്. കോഴിക്കോട് ആയഞ്ചേരി മുതൽ കയ്യൂർ പുഴവരെയുള്ള പൈപ്പിടൽ ഘട്ടത്തിലാണ് കണ്ണൂർ ജില്ലയും ഉൾപ്പെടുന്നത്. എല്ലായിടത്തുമായി ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇതുവരെ പ്രവൃത്തികൾ നടന്നിട്ടുള്ളത്. ഗെയിലിെൻറ മാനദണ്ഡമനുസരിച്ച് 30 ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ 800 മീറ്റർ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കാന്‍ പാടില്ല. അതുപോലെ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ 1250 മീറ്റര്‍ ദൂരപരിധിയാണ് നിർദേശിക്കുന്നത്. ജനസാന്ദ്രമായ സംസ്ഥാനത്തെ അന്തരീക്ഷത്തിന് പദ്ധതി പറ്റിയതല്ലെന്ന് നേരത്തേതന്നെ പഠനങ്ങൾ വന്നിരുന്നു. പദ്ധതിക്കെതിരെ ഗെയിൽ പൈപ്പ്ലൈൻ വിരുദ്ധ സമിതി ഹൈകോടതിയിൽ നിന്ന് 2016ൽ സ്റ്റേ നേടിയിട്ടുണ്ടെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് അധികൃതർ നടപടികളുമായി മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.