ദേശീയപാത വികസനം: ഭൂമിയും കടകളും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് വേണം -ജില്ല വികസനസമിതി കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടമാകുന്നവർക്ക് മാന്യമായ നഷ്ടപരിഹാരവും കടകൾ നഷ്ടപ്പെടുന്ന ഉടമകൾക്കും ജോലിക്കാർക്കും പ്രത്യേക പുനരധിവാസ പാക്കേജും തയാറാക്കണമെന്ന് ജില്ല വികസനസമിതി യോഗം സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി. രാജേഷ് എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. ഭൂമിയുടെ നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ടുള്ള ആശങ്കയകറ്റാൻ സർക്കാർ ഇടപെടണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നെൽവയൽ--തണ്ണീർത്തട സംരക്ഷണനിയമവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന ഡാറ്റാബാങ്കിൽനിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലയിൽ പതിമൂന്നായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ഇവയിൽ 190 എണ്ണം പരിശോധിച്ചതിൽ 160 എണ്ണവും ഡാറ്റാബാങ്കിൽനിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തി. ബാക്കി അപേക്ഷകൾ പെെട്ടന്ന് തീർപ്പാക്കണമെന്ന് പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ സി. കൃഷ്ണൻ, സണ്ണി ജോസഫ്, ടി.വി. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. മറ്റു ഭൂമിയൊന്നുമില്ലാത്തവർക്ക് വയൽപ്രദേശത്ത് വീടുനിർമിക്കുന്നതിന് നിയമാനുസൃതമുള്ള അനുമതിനൽകാൻ ചിലയിടങ്ങളിൽ കൃഷി ഓഫിസർ വിസമ്മതിക്കുന്നതായി ടി.വി. രാജേഷ് എം.എൽ.എ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ നിയമപരമായ പരാമാവധി സഹായമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സമിതി ചെയർമാനും ജില്ല കലക്ടറുമായ മിർ മുഹമ്മദലി നിർദേശിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ റോഡ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിക്കുന്നതിന് നടപടിക്രമം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് യോഗം നിർദേശം നൽകി. തലശ്ശേരി--വളവുപാറ റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കണം. തളിപ്പറമ്പ്-കൂർഗ് റോഡിലെ ആലക്കോട്, കരുവഞ്ചാൽ, ചാണോക്കുണ്ട് എന്നീ ഇടുങ്ങിയ മൂന്നു പാലങ്ങൾ മാറ്റി പുതിയവ നിർമിക്കാൻ പദ്ധതി തയാറാക്കിനൽകാൻ പി.കെ. ശ്രീമതി എം.പി ബന്ധപ്പെട്ടവരോട് നിർദേശിച്ചു. നിർമാണപ്രവർത്തനങ്ങൾക്കാവശ്യമായ മണലും മറ്റും ജില്ലയിൽ ലഭിക്കാത്തതു കാരണം കർണാടകയിൽനിന്നും മറ്റും കൊണ്ടുവരുന്നത് െപാലീസ് തടയുന്നതായി വിമർശനമുണ്ടായി. ആവശ്യമായ രേഖകൾ സഹിതം വരുന്ന മണൽലോറികൾ പിടികൂടുന്നുവെങ്കിൽ രേഖകളുമായി തന്നെ സമീപിക്കാമെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ആരോഗ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി എം. സുരേന്ദ്രൻ, അസിസ്റ്റൻറ് കലക്ടർ ആസിഫ് കെ. യൂസഫ്, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.