രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കേന്ദ്ര സർവകലാശാലയിലെ അധ്യാപകസംഘടനയെ ആർ.എസ്.എസിന് വേണ്ടി പിളർത്തിയതായി ആരോപണം. കഴിഞ്ഞ ജൂലൈയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ അധ്യാപകർ വിദ്യാർഥികളുടെ പക്ഷത്ത് നിലയുറപ്പിച്ചതിനെ തുടർന്നാണ് 130 അധ്യാപകരുള്ള സെൻട്രൽ യൂനിവേഴ്സിറ്റി കേരള ടീച്ചേഴ്സ് അസോസിയേഷനെ (കുക്റ്റ) പിളർത്തി അസോസിയേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റി കേരളാ ടീച്ചേഴ്സ് എന്ന സംഘടനക്ക് രൂപംനൽകിയത്. കേന്ദ്ര സർവകലാശാലയിൽ നിയമിതനായ മുൻ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡൻറ് ഡോ. കെ. ജയപ്രസാദിൻറ നേതൃത്വത്തിലാണ് ആർ.എസ്.എസ് അനുകൂലസംഘടന രൂപവത്കരിച്ചത്. 130 അധ്യാപകരിൽ 72 പേർ പുതിയ സംഘടനയിൽ ചേർന്നപ്പോൾ 18 പേർ ഒരു സംഘടനയിലും ചേരാതെനിൽക്കുകയാണ്. പുതിയ സംഘടനയിൽ ചേർന്നവർക്ക് എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, യൂനിവേഴ്സിറ്റി കോർട്ട് എന്നിവയിൽ അംഗത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവർക്ക് മികച്ച പ്രകടനത്തിനുള്ള സ്കോറായ അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ് ലഭിക്കും. പ്രബേഷനിലുള്ളവർക്ക് സ്ഥിരപ്പെടാം. അല്ലാത്തവർക്ക് ഇവയെല്ലാം നിഷേധിക്കപ്പെടും. കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷ, പരാതികളിൽനിന്ന് മോചനം എന്നിവയും പുതിയ സംഘടനയിൽ ചേരാൻ വാഗ്ദാനം ചെയ്തതായാണ് വിവരം. സഹകരിക്കാത്തവരെ, പിരിച്ചുവിടൽ ഉൾപ്പെടെ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പുതിയ സംഘടനക്ക് സർവകലാശാലയുടെ സൗകര്യങ്ങൾ ഒൗദ്യോഗികമായി ഉപയോഗിക്കാം. ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിലെ അധ്യാപകരുടെ ഏകവേദിയും ഇടത്, ദലിത് അനുകൂല സംഘടനയുമായ ഫെഡറേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റീസ് അസോസിയേഷൻസിനെ (ഫെഡ്ക്യൂട) രാജ്യവ്യാപകമായി പിളർത്തുകയെന്ന ആർ.എസ്.എസ് പദ്ധതിയുടെ ഭാഗമാണ് കേരള കേന്ദ്ര സർവകലാശാലയിൽ നടന്നത്. ഇൗ സംഘടനയുടെ നേതാവായ നന്ദിത നാരായണനെ സർവകലാശാല കാമ്പസിൽ പൊതുപരിപാടിയിൽ പെങ്കടുക്കാൻ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. ബി.ജെ.പി നേതാവ് തരുൺ വിജയിനെ കൊണ്ടുവന്ന് ഒൗദ്യോഗിക പരിപാടി എന്നപേരിൽ രക്ഷാബന്ധൻ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആർ.എസ്.എസ് നേതൃത്വം നൽകുന്ന സംഘടനയിൽ ചേരാത്ത അധ്യാപകരുടെ സാമ്പത്തികകാര്യങ്ങളും മറ്റ് അപേക്ഷകളും ബോധപൂർവം വൈകിപ്പിക്കുന്നതായി പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്. പ്രബേഷനിലുള്ള മറ്റ് അധ്യാപകർക്ക് സ്ഥിരനിയമനം വേണമെങ്കിൽ പുതിയ സംഘടനയിൽ ചേരണം എന്നാണ് നിർദേശം. സ്വഭാവഹത്യയും ആനുകൂല്യം തടഞ്ഞുവെക്കലും ആരംഭിച്ചതായും മറ്റ് അധ്യാപകർ പറയുന്നു. ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ, ഹരിയാന കേന്ദ്ര സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളെ പിളർത്തിയ നടപടിക്ക് പിന്നാലെയാണ് കേരള കേന്ദ്ര സർവകലാശാലയിലും ഇത്തരം നീക്കം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.