ആറ് തദ്ദേശ സ്ഥാപനങ്ങളിൽ നവംബറിൽ പ്രവർത്തനം തുടങ്ങും കണ്ണൂർ: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സാമൂഹിക നീതിവകുപ്പും കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗവും നടപ്പാക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻറ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോജക്ട് (സി.ഡി.എം.ആർ.പി) കണ്ണൂർ ജില്ലയിലും നടപ്പാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ പയ്യന്നൂർ, ആന്തൂർ, മട്ടന്നൂർ നഗരസഭകളിലും പരിയാരം, അഴീക്കോട്, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, പഠന വൈകല്യം, ബഹുവിധ വൈകല്യം തുടങ്ങി ബുദ്ധി വികാസ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുകയും ഇവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വഴിയൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടത്തിവരുന്ന സി.ഡി.എം.ആർ.പി പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കണ്ണൂർ ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ കൂടി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ല കലക്ടർ അധ്യക്ഷനായി ജില്ലതല ഇംപ്ലിമെേൻറഷൻ കമ്മിറ്റിക്ക് രൂപം നൽകി. പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പിലാക്കുന്നതിനാവശ്യമായ എല്ലാവിധ സഹകരണവും ജില്ല കലക്ടർ മിർ മുഹമ്മദലി ഉറപ്പുനൽകി. പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി, പരിയാരം ചുടല സാംസ്കാരിക നിലയം, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, അഴീക്കൽ ബഡ്സ് സ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ മെമ്മോറിയൽ ബഡ്സ് സ്പെഷൽ സ്കൂൾ, എരഞ്ഞോളി ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ എന്നിവിടങ്ങളിലാണ് ക്ലിനിക്കുകൾ ആരംഭിക്കുക. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ധർ, തെറപ്പിസ്റ്റുകൾ എന്നിവരും ആവശ്യമായ ആധുനിക സംവിധാനങ്ങളുമടങ്ങിയതായിരിക്കും ക്ലിനിക്കുകൾ. നവംബർ രണ്ടാംവാരത്തോടെ ആറ് കേന്ദ്രങ്ങളിൽ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് പദ്ധതിയുടെ ജോയൻറ് ഡയറക്ടർ പി.കെ. റഹീമുദ്ദീൻ അറിയിച്ചു. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസം രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ക്ലിനിക്കുകൾ പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ, എസ്.എസ്.എ, കുടുംബശ്രീ, സർക്കാരിതര- സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വളൻറിയർമാർ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിലൂടെ ചെറുപ്രായത്തിൽ തന്നെ വൈകല്യം കണ്ടെത്തി സൗജന്യ ചികിത്സ ലഭ്യമാക്കുകയെന്നതാണ് കമ്യൂണിറ്റി ക്ലിനിക്കുകളുടെ പ്രധാന ദൗത്യം. ജനപ്രതിനിധികൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർക്ക് ഈ മേഖലയിൽ വിദഗ്ധ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള, പഞ്ചായത്ത് പ്രസിഡൻറുമാരായ എ. രാജേഷ്, എ.കെ. രമ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വി.പി. ഇസ്മാഇൗൽ, കെ.പി. ശ്യാമള, എം. സജീവൻ, ഡി.ഡി.ഇ യു. കരുണാകരൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, നാഷനൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ വിനോദ് നായനാർ, എ.ഡി.എം.സി പി.കെ. ബിന്ദു, പരിവാർ ജില്ല സെക്രട്ടറി എം.പി. കരുണാകരൻ, സാമൂഹിക പ്രവർത്തകൻ പി. രാമകൃഷ്ണൻ, ബി.ആർ.സി െട്രയിനർ എം.വി. ദിനേശ് ബാബു, സി.കെ. രാജീവൻ, സി.ഡി.എം.ആർ.പി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.