രാത്രിയിലെ പോസ്​റ്റ്​മോർട്ടം: സർക്കാർ ഉത്തരവിനെതിരായ കേസിൽ കക്ഷിചേരാൻ എം.എൽ.എ ഹരജി നൽകി

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം നടത്താൻ അനുമതിനൽകിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതിന് എതിരെ കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ഹൈകോടതിയെ സമീപിച്ചു. കേസിൽ തന്നെയും കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നൽകിയ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കേരള മെഡിക്കോ ലീഗൽ സൊസൈറ്റി സെക്രട്ടറി തൃശൂർ മുളങ്കുന്നത്തുകാവിലെ ഡോ. ടി.എസ്. ഹിതേഷ് ശങ്കർ, മലപ്പുറം കൊണ്ടോട്ടി കന്തക്കാട് ശ്രീപാദത്തിൽ ഡോ. വി.എസ്. ജിജു എന്നിവരുടെ റിട്ട് ഹരജിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഹൈകോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. രാത്രിയും പോസ്റ്റ്മോർട്ടം നടത്താൻ മെഡിക്കോ ലീഗൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഏഴുതവണ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാന സർക്കാർ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടത്തുന്നതിന് അനുമതിനൽകാൻ ഉത്തരവിട്ടത്. ഇതിനായി മെഡിക്കോ ലീഗൽ ചട്ടങ്ങളിൽ ഭേദഗതിവരുത്താനും തീരുമാനിച്ചിരുന്നു. മരണം സംഭവിച്ച് 10-12 മണിക്കൂറുകൾക്കുശേഷം പോസ്റ്റ്മോർട്ടം നടത്തുന്നത് ആന്തരാവയവങ്ങൾ ജീർണിച്ച് നിർണായക തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഉചിതമായസമയത്ത് നടത്തുന്നത് കാലതാമസം കൂടാതെ അവയവദാനം നടത്തുന്നതിന് സഹായകമാകുമെന്നും എം.എൽ.എ ഹരജിയിൽ ചൂണ്ടിക്കാട്ടി. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഉപാധികളോടെ രാത്രികാല പോസ്റ്റ്മോർട്ടം അനുവദനീയമാണ്. ഇൗ സാഹചര്യത്തിൽ പൊതുപ്രവർത്തകനെന്ന നിലയിൽ സർക്കാർ ഉത്തരവിനെതിരായ റിട്ട് ഹരജി വളരെയധികം ആശങ്കയുളവാക്കുന്നുവെന്നും അതിനാൽ കേസിൽ ഏഴാം കക്ഷിയായി ചേരാൻ അനുവദിക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.