പയ്യന്നൂർ: എടാട്ടെ വാടക ക്വാർട്ടേഴ്‌സിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. ക്വാർട്ടേഴ്സിലെ താമസക്കാരനും കോളജ് വിദ്യാർഥിയുമായ തിമിരി ഏണ്ടി സ്വദേശി മേച്ചേരി മുറിയിൽ വിഷ്ണുവിനെയാണ് (21) കോടതി ഈ മാസം 31വരെ റിമാൻഡ് ചെയ്തത്. കഞ്ചാവുകടത്തിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന തായിനേരിയിലെ മുഹമ്മദ് സവാദിനുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിഷ്ണു പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയാണ് പയ്യന്നൂർ സി.ഐ എം.പി. ആസാദ്, എസ്.ഐ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ ക്വാർട്ടേഴ്സിൽനിന്ന് ഒരു കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടിയത്. അലക്കുകല്ലിനിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ പ്രതികൾ നാട്ടുകാരേയും പൊലീസിനേയും വെട്ടിച്ച് പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരാളാണ് അറസ്റ്റിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട മുഹമ്മദ് സവാദ് തൃക്കരിപ്പൂർ തങ്കയത്ത് പെട്രോൾ പമ്പ് ഉടമയുടെ സഹോദരനെ ബൈക്ക് തടഞ്ഞ് 3.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.