ചെറുപുഴ: ഹർത്താൽ ദിനത്തിൽ ശ്രമദാനത്തിലൂടെ ചെറുപുഴ കമ്പിപ്പാലം നവീകരിക്കാൻ പാലം സംരക്ഷണ സമിതി രംഗത്തിറങ്ങി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട് കേന്ദ്രീകരിച്ച് രൂപവത്കരിച്ച സംരക്ഷണ സമിതിയാണ് ഹർത്താൽ ദിനത്തിൽ സേവനത്തിനിറങ്ങിയത്. കാര്യങ്കോട് പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം വർഷങ്ങളായി ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾ പുഴ കടക്കാൻ ഉപയോഗിച്ചിരുന്നതാണ്. അടുത്തിടെ പാലത്തിന് സമാന്തരമായി ജലസേചന വകുപ്പ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചതോടെ കമ്പിപ്പാലം ഉപയോഗശൂന്യമായി. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചെങ്കിലും ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇരുമ്പ് വടത്തിൽ മരപ്പലകകൾ അടിച്ചുറപ്പിച്ച് നിർമിച്ച പാലത്തിെൻറ അറ്റകുറ്റപ്പണി ഇപ്പോൾ നാട്ടുകാരാണ് നടത്തുന്നത്. പാലം നവീകരണത്തിന് ആവശ്യമായ മരവും സാമ്പത്തിക സഹായവും നാട്ടുകാരിൽനിന്ന് സ്വരൂപിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. സംരക്ഷണ സമിതി പ്രവർത്തകരായ കെ.കെ. ഷീജ, കെ.പി. സജീവൻ, കെ. മനോജ്, ടി.എം. സത്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.