വേങ്ങരയിലെ വോട്ടുചോർച്ചയുടെ കാരണങ്ങൾ ചികഞ്ഞ്​ ലീഗ്​

വേങ്ങരയിലെ വോട്ടുചോർച്ചയുടെ കാരണങ്ങൾ ചികഞ്ഞ് ലീഗ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താനായെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും കുറഞ്ഞത് മുസ്ലിം ലീഗിലും യു.ഡി.എഫ് നേതൃത്വത്തിലും ചർച്ചയാകുന്നു. കുഞ്ഞാലിക്കുട്ടി മാറി കെ.എൻ.എ. ഖാദർ സ്ഥാനാർഥിയായതുകൊണ്ട് സ്വാഭാവികമായും ഭൂരിപക്ഷം കുറഞ്ഞതാണെന്നും രാഷ്ട്രീയ വോട്ടുകളൊന്നും ചോർന്നിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വം പുറമെ പറയുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ ഇത്ര വലിയ ഭൂരിപക്ഷത്തിന് ജയിക്കുക എന്നത് നിസ്സാരമല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചോർച്ച അത്ര ലളിതമല്ലെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെയും യു.ഡി.എഫ് കൺവീനർമാരുടെയും പ്രചാരണ ചുമതലയിലുണ്ടായിരുന്നവരുടെയും യോഗം ചൊവ്വാഴ്ച വേങ്ങര ലീഗ് ഒാഫിസിൽ ചേരുന്നുണ്ട്. ബുധനാഴ്ച കോഴിക്കോട്ടും യു.ഡി.എഫ് അവലോകന യോഗം ചേരും. ലീഗിന് ലഭിച്ചിരുന്ന നിഷ്പക്ഷ വോട്ടുകൾ ഇത്തവണ നഷ്ടമായി എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു. ഇൗ ചോർച്ച ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. സ്ഥാനാർഥി നിർണയത്തിലെ നീരസമാണ് പ്രധാനമായും വില്ലനായതെന്നാണ് പാർട്ടിക്കകത്തെ വിലയിരുത്തൽ. കെ.എൻ.എ. ഖാദറിനെ ഉൾക്കൊള്ളാൻ നല്ലൊരു വിഭാഗത്തിന് കഴിഞ്ഞില്ല. ഇത് പ്രചാരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. ലീഗിന് വേണ്ടി ആരും വോട്ടു ചോദിച്ച് എത്താത്ത വീടുകൾ പോലുമുണ്ടെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ഇടതു പ്രവർത്തകർ രണ്ടു തവണയെങ്കിലും എല്ലാ വീടുകളിലും എത്തിയിരുന്നു. പ്രചാരണത്തിൽ നിന്ന് മറ്റു കാരണങ്ങൾ പറഞ്ഞ് മാറി നിന്നവരുമുണ്ട്. യൂത്ത് ലീഗ് തെരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമായിരുന്നില്ലെന്നതാണ് മറ്റൊരു ഘടകം. ഇതിന് പുറമെ ചെറുതല്ലാത്ത സ്വാധീനമുള്ള എ.പി വിഭാഗം സുന്നികളുടെ വോട്ട് പൂർണമായും ഇടതുസ്ഥാനാർഥിക്ക് ലഭിച്ചുവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എസ്.ഡി.പി.െഎയുടെ മുന്നേറ്റമാണ് മറ്റൊരു ചർച്ച വിഷയം. ഹാദിയ കേസുൾെപ്പടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാണിച്ചാണ് അവർ പ്രചാരണം നടത്തിയത്. വൈകാരികമായി ചിന്തിക്കുന്നവരെ അത് സ്വാധീനിച്ചുവെന്നാണ് ഫലം നൽകുന്ന സൂചന. ഇൗ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഷയങ്ങളിൽ ജാഗ്രതയോടെയുള്ള സമീപനവും ഇടപെടലുകളും പാർട്ടിയിൽ നിന്നുണ്ടാവണമെന്നും ആവശ്യമുയരുന്നു. പോളിങ് ദിവസം സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് അനുഗ്രഹമായി എന്നാണ് നേതാക്കൾ പറയുന്നത്. വാർത്ത പരന്നതോടെ വോെട്ടടുപ്പ് കഴിഞ്ഞാൽ ഉമ്മൻചാണ്ടിയെ അറസ്റ്റു ചെയ്യുമെന്ന പ്രചാരണം ഇടതു കേന്ദ്രങ്ങളിൽ നിന്നുണ്ടായി. ഇതിൽ പ്രകോപിതരായി വോട്ട് ചെയ്യാതെ മാറി നിന്നവർ കൂടി ബൂത്തിലെത്തി. ഭൂരിപക്ഷം ഇൗ രീതിയിലെങ്കിലും പിടിച്ചു നിർത്താനായത് ഇക്കാരണത്താലാണ് എന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.