എരഞ്ഞോളിയിൽ ആക്രമണത്തിനിരയായ കോൺഗ്രസ് ഓഫിസ്
തലശ്ശേരി: എരഞ്ഞോളി മഠത്തും ഭാഗത്ത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി ക്ലബിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചയാണ് ആക്രമണമെന്ന് കരുതുന്നു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മേൽക്കൂരയുടെ ഓടും തകർത്തു. ഷട്ടർ തകർത്താണ് അകത്തു കയറിയത്. ഫർണിച്ചറുകൾ തകർത്ത ശേഷം സമീപത്തെ തോട്ടിലേക്ക് തള്ളി.
ഇന്ദിരാഗാന്ധിയുടെ ഫോട്ടോ സമീപത്തെ തോട്ടിലേക്കും മഹാത്മാ ഗാന്ധിയുടെ ഫോട്ടോ സമീപത്തെ പറമ്പിലും വലിച്ചെറിഞ്ഞു. സംഭവത്തിൽ എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും വാർഡ് മെംബറുമായ മനോജ് നാലാം കണ്ടത്തിൽ ധർമടം പൊലീസിൽ പരാതി നൽകി.
സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ, കെ.പി.സി.സി മെംബർ സജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, വി. രാധാകൃഷ്ണൻ, അഡ്വ. സി.ടി. സജിത്ത്, വി.സി. പ്രസാദ്, എരഞ്ഞോളി പഞ്ചായത്തംഗം സുശീൽ ചന്ത്രോത്ത്, ജയരാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ ആരോപിച്ചു. എരഞ്ഞോളി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിലായി കോൺഗ്രസ് ജയിച്ചിരുന്നു. സി.പി.എമ്മിന്റെ വാർഡുകളാണ് ഇരുവരും പിടിച്ചെടുത്തത്. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് മഠത്തും ഭാഗത്ത് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.