കണ്ണൂർ കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട പി. ഇന്ദിരക്ക് സത്യപ്രതിജ്ഞക്ക്
ശേഷം നടന്ന അനുമോദന ചടങ്ങിൽ കെ. സുധാകരൻ എം.പി മധുരം നൽകുന്നു
കണ്ണൂർ: പുതുതായി ചുമതലയേറ്റ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര മാധ്യമവുമായി അവരുടെ വികസനക്കാഴ്ച്പ്പാട് മുന്നോട്ട് വെക്കുന്നു.
കണ്ണൂരിൽ വലിയ ഉത്തരവാദിത്തമാണ് പാർട്ടിയും ജനങ്ങളും ഏൽപിച്ചത്. ചരിത്ര പ്രാധാന്യമുള്ള മണ്ണാണിത്. ഇവിടുത്തെ മേയറായതിൽ വലിയ അഭിമാനമുണ്ട്. അതിന്റെ ഗൗരവവും തനിക്കുണ്ട്. നേരത്തെ ഡെപ്യൂട്ടി മേയറായുള്ള കരുത്ത് പുതിയ ചുമതലക്ക് ശക്തി പകരുമെന്നാണ് വിശ്വാസം.
നല്ല കാഴ്ചപ്പാടോടെയാണ് കോർപറേഷൻ ഭരണം മുന്നോട്ടു പോവുക. തുടർവികസനമാണ് നടപ്പാക്കുക. നേരത്തെയുളള യു.ഡി.എഫ് ഭരണസമിതി വലിയ വികസനക്കുതിപ്പാണ് നടത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഉണ്ടാവുക. എല്ലാവരെയും ഒറ്റക്കെട്ടായി ചേർത്തു നിർത്തിക്കൊണ്ടുള്ള വികസനം തുടരും.
വികസനമെന്നത് ജനങ്ങൾക്കും നാടിനും വേണ്ടിയുള്ളതാണ്. നാളിതുവരെയും ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മാനിച്ചാണ് കോർപറേഷൻ മുന്നോട്ടു പോയിട്ടുള്ളത്. ഇനിയും ജനകീയ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകി മുന്നോട്ടുപോവും.
പയ്യാമ്പലം ശ്മശാനം ആധുനിക രീതിയിലേക്ക് മാറ്റും. പുതിയ സാങ്കേതികവിദ്യക്കനുസരിച്ച് നവീകരിക്കും. പഴയ ബസ് സ്റ്റാൻഡ് നവീകരിച്ച് ഷോപ്പിങ് കോംപ്ലക്സും തീയേറ്റർ സമുച്ചയവും ഉൾപ്പെടെ ഒരുക്കണമെന്നാണ് കരുതുന്നത്. അതിനായി പ്രത്യേകം ഡി.പി.ആർ തയാറാക്കും.
നിലവിൽ തുടങ്ങി വെച്ച നഗര സൗന്ദര്യവത്കരണ പദ്ധതി പൂർത്തിയാക്കും. ജവഹർസ്റ്റേഡിയം നവീകരണവും നടപ്പാക്കും. വിദ്യാഭ്യാസ-കായിക-കാർഷിക പദ്ധതികൾക്കെല്ലാം വലിയ പരിഗണന നൽകും. തെരുവുനായ് ശല്യത്തിനും പരിഹാരമുണ്ടാക്കും. തനതുവരുമാനം വർധിപ്പിക്കും.
മലിന ജല ശുദ്ധീകരണ പ്ലാന്റ് ചിലർ വലിയ വിവാദമാക്കാൻ ശ്രമിച്ചു. എന്തായാലും പദ്ധതി നടപ്പാക്കും. ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങമൊഴിവാക്കാൻ ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റ് വന്നേതീരു. സർക്കാരിൽനിന്ന് വിവരങ്ങൾ തേടിയ ശേഷം നിയമപ്രകാരം തുടർനടപടി സ്വീകരിക്കും.
പദ്ധതിയിൽനിന്ന് പിന്നോട്ടുപോകില്ല. കോർപറേഷനിൽ ഇടതുപക്ഷം ചില ഇല്ലാക്കഥകൾ മെനഞ്ഞ് വിവാദമാക്കിയെങ്കിലും അതിലൊന്നും ഒരു കഴമ്പുമില്ലെന്ന് തെളിഞ്ഞില്ലേ. അഴിമതിയാരോപണങ്ങളടക്കം പൊള്ളയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യു.ഡി.എഫിനെയാണ് ജനങ്ങൾക്ക് വിശ്വാസമെന്നതിനാലാണ് തുടർഭരണം കോർപറേഷനിൽ ഉണ്ടായത്.
ജനപ്രതിനിധികൾ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടവരാണ്. അതിൽ വേർതിരിവില്ല. 56 പേരും ഒന്നിച്ചു നിൽക്കണം. പ്രതിപക്ഷം നന്നായി സഹകരിക്കുമെന്ന് കരുതുന്നു. വികസന കാര്യത്തിന് കൂട്ടായ പ്രവർത്തനം നടത്താൻ ഭരണപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രതിപക്ഷവും തയാറാകണം.
കോൺഗ്രസും മറ്റ് ഘടക കക്ഷികളും ചേർന്ന യു.ഡി.എഫ് ഒറ്റക്കെട്ടാണ്. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതു പോലും അതിന്റെ തെളിവാണ്.
പാർട്ടിയും യു.ഡി.എഫ് നേതൃത്വവും ഒരുവികസന കാഴ്ചപ്പാട് മുന്നോട്ടു വച്ചിട്ടുണ്ട്. അത് തന്നെയാണ് ഭരണസമിതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.