തലശ്ശേരി: ജോലികഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങുകയായിരുന്ന സി.പി.എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ ചുണ്ടങ്ങാപ്പൊയിൽ ബിജിൻ ഭവനിൽ ബബിത്ത് (28), എരുവട്ടി പെനാങ്കിമൊട്ടയിലെ കാട്ടിൽപറമ്പിൽ സുജിത്ത് (36), തില്ലങ്കേരി പുതിയപുരയിൽ ഹൗസിൽ ബിജു (31), എരുവട്ടി കാപ്പുമ്മൽ പവിത്രത്തിൽ ശ്യാംരൂപ് (24) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 7.15ഒാടെ കതിരൂർ കക്കറക്കും ഡൈമൺ മുക്കിനുമിടയിലാണ് സംഭവം. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. കാറിൽ വരുമ്പോഴാണ് ബിജു ആക്രമിക്കപ്പെട്ടത്. കാർ തകർത്തു. കണ്ണിനും തലക്കും മുഖത്തുമാണ് പരിക്ക്. ബബിത്തിനെ ബൈക്ക് തടഞ്ഞ് വെട്ടി പരിക്കേൽപിച്ചു. തലക്ക് ആഴത്തിൽ മുറിവുണ്ട്. ഒന്നിച്ച് ബൈക്കിൽ വരുകയായിരുന്നു സുജിത്തും ശ്യാംരൂപും. ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന സുജിത്തിെൻറ കാലിന് വെട്ടേറ്റു. ഇരുമ്പുവടികൊണ്ടുള്ള അടിയിൽ കൈയെല്ല് പൊട്ടി. തൊട്ടടുത്തവീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ശ്യാംരൂപിനും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റു. ആക്രമണത്തിൽ സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ പ്രതിഷേധിച്ചു. ആർ.എസ്.എസുകാരാണ് അക്രമത്തിന് പിന്നിലെന്നും തലശ്ശേരി മേഖലയിലെ സമാധാനന്തരീക്ഷം തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.സി. പവിത്രൻ, ലോക്കൽ സെക്രട്ടറി ടി. സുധീർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.