ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കച്ചേരിക്കടവിലെ മേരി പാലുകുന്നേൽ (73), ഏലിക്കുട്ടി ചിറപ്പാട്ട് (63), മേരി മുണ്ടാട്ട് (70) എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ 6.30നാണ് സംഭവം. മൂന്നുപേരും രാവിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് പേപ്പട്ടിയുടെ ആക്രമണം. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരെയും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പള്ളിയിലേക്ക് പോകും വഴി പേപ്പട്ടി പിന്നിൽനിന്നും ആക്രമിക്കുകയായിരുന്നു. പേപ്പട്ടിയുടെ ആക്രമണത്തിൽ റോഡിൽ വീണ മേരി പാലുകുന്നേലിന്റെ കൈമുട്ടിന് പരിക്കേറ്റു. മൂന്നു പേർക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ എന്നിവർ സന്ദർശിച്ചു. പടിയൂർ എ.ബി.സി സെന്ററിൽനിന്ന് ആളുകൾ എത്തി പേപ്പട്ടിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും മിനി വിശ്വനാഥൻ പറഞ്ഞു.
അയ്യപ്പൻകാവിൽ മുഹമ്മദ് കുഞ്ഞി (60), ഇതര സംസ്ഥാന തൊഴിലാളി ഹൈതം(38) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് കുഞ്ഞി രാവിലെ അയ്യപ്പൻകാവ് പുഴക്കരയിൽ കട തുറക്കാൻ എത്തിയപ്പോൾ പിന്നിൽനിന്നും കടിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ ഹൈതമിന് തൊഴിലിടത്തിലേക്ക് പോകുന്ന വഴിയാണ് കടിയേറ്റത്.
ചെങ്ങാടി വയൽ മേഖലയിൽ വളർത്തുമൃഗങ്ങൾക്കും നായുടെ കടിയേറ്റിറ്റുണ്ട്. മേഖലയിലെ അയ്യപ്പൻകാവ്, പുഴക്കര, ചെങ്ങാടി വയൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ പിടിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പേയിളകിയ നായെ നാട്ടുകാർ ഏറെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.