ഇരിട്ടി: നിർദിഷ്ട ഇരിട്ടി ജോ. ആർ.ടി ഓഫിസ് ഇരിട്ടിയിൽതന്നെ അനുവദിക്കമെന്നാവശ്യപ്പെട്ട് ഇരിട്ടി താലൂക്ക് സഭായോഗത്തിൽ പ്രമേയം. സണ്ണി ജോസഫ് എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തിൽ ഒരാൾമാത്രം വിയോജിപ്പ് രേഖപ്പെടുത്തി. ജനതാദൾ--എസ് പ്രതിനിധി കെ.പി. രമേശനാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇരിട്ടി താലൂക്കിൽ പതിയ വാഹന രജിസ്േട്രഷൻ അനുവദിച്ചതായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം നടക്കുന്നതിെൻറ നിജസ്ഥിതി സി.പി.ഐ പ്രതിനിധി ബാബുരാജ് പായം യോഗത്തിൽ ആരാഞ്ഞതിനെ തുടർന്നാണ് ആർ.ടി.ഒ ആസ്ഥാനം സംബന്ധിച്ച ചർച്ചനടന്നത്. ആസ്ഥാനം മട്ടന്നൂരിൽ വേണമെന്ന വാദം കെ.പി. രമേശൻ ഉയർത്തിയപ്പോൾ, ഭൂമിശാസ്ത്രപരമായ അനൗചിത്യം എം.എൽ.എ ചൂണ്ടിക്കാട്ടി. താലൂക്ക് പരിധിയിലെ 19 വില്ലേജുകളിൽ 17 വില്ലേജുകളിലെ ജനങ്ങൾക്കും ബന്ധപ്പെടാൻ സൗകര്യം ഇരിട്ടി നഗരമാണെന്നും പൊതുസ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ ഭൂമിശാസ്ത്രപരമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്ന പാർലമെൻറ് പാസാക്കിയ നിയമവും സണ്ണി ജോസഫ് എം.എൽ.എ ശ്രദ്ധയിൽപെടുത്തി. തുടർന്ന്, ആസ്ഥാനം ഇരിട്ടിയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണെന്ന് എം.എൽ.എ പറഞ്ഞപ്പോൾ അംഗങ്ങൾ കൈയടിച്ച് അംഗീകരിച്ചു. തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതായി കെ.പി. രമേശൻ അറിയിക്കുകയും ചെയ്തു. മലയോരത്തെ സ്കൂളുകൾക്കും കോളജുകൾക്കും സമീപത്ത് ലഹരിവിൽപന വർധിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മലയോരമേഖലയിലെ പല ഗ്രാമീണ റോഡുകളുടെയും ഇരുഭാഗത്തുമുള്ള അഴുക്കുചാലുകൾ സ്വകാര്യവ്യക്തികൾ കൈയേറി മണ്ണിട്ടുമൂടുന്നതായും കാലവർഷത്തിൽ റോഡ് തകരാൻ ഇത് പ്രധാന കാരണമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ചന്ദ്രൻ തില്ലങ്കേരി ആവശ്യപ്പെട്ടു. വന്യമൃഗശല്യം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപന പ്രതിനിധികളുമായും നാട്ടുകാരുമായും ചർച്ചചെയ്ത് വിശദ പദ്ധതി തയാറാക്കി ഒരുമാസത്തിനകം കൈമാറുമെന്ന് കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റർ പി.വി. ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചു. കാലവർഷത്തിൽ നാശം നേരിട്ടവർക്ക് നഷ്ടപരിഹാരത്തുകയുടെ അലോട്ട്മെൻറ് ലഭിച്ചതായും ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, ഇരിട്ടി നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി, പഞ്ചായത്ത് പ്രതിനിധികളായ റോയ് നമ്പുടാകം (കൊട്ടിയൂർ), റെജി മാത്യു (അയ്യങ്കുന്ന്), രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. പ്രഭാകരൻ, കെ. മുഹമ്മദലി എന്നിവരും വിവധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.