ചെറുപുഴ: മഴ കനത്തതോടെ മലയോരമേഖലയിലെ റോഡുകള്‍ കൂട്ടത്തോടെ തകര്‍ന്നു. പലയിടത്തും വാർഷിക അറ്റകുറ്റപ്പണികൾപോലും നടന്നിട്ടില്ല. നാട്ടുകാർ മുൻകൈയെടുത്താണ് ചിലയിടങ്ങളിൽ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നത്. തിരക്കേറിയ ചെറുപുഴ-തിരുമേനി റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായതിനാല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായി. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍വീണ് അപകടം സംഭവിക്കുന്നുണ്ട്. ഈ റൂട്ടില്‍ ചെറുപുഴ മുതല്‍ മഞ്ഞക്കാടുവരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായതിനാല്‍ റോഡ് കിളച്ച് സോളിങ് നടത്തിയിരിക്കുകയാണ്. ഇത് ദുരിതം വർധിപ്പിക്കുകയാണ്. ബാക്കിയുള്ള എട്ടു കിലോമീറ്റര്‍ പൂർണമായും തകര്‍ന്നു. ഇവിടെ 10 വര്‍ഷമായി ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ഇരുപതോളം ബസുകളും നിരവധി ടാക്‌സികളും സർവിസ് നടത്തുന്ന ഈ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ടാറിങ് നടത്തുന്നതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി റോഡിലെ കുഴികള്‍ നികത്തുന്നതിന് 15 ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍, ക്വാറികളിലെ കല്ലും മണ്ണുമിട്ട് കുഴി നികത്തിയതിനാല്‍ കനത്ത മഴയില്‍ അവയെല്ലാം പഴയപടിയായി. കുഴികളില്‍ വീണ് കേടുപാടുസംഭവിക്കുന്ന വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താന്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ലെങ്കില്‍ സർവിസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ് ബസുടമകള്‍. മലയോരത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേക്കുള്ള പ്രധാനപാതയായ ചെറുപുഴ-പെരിങ്ങോം റൂട്ടില്‍ മെക്കാഡം ടാറിങ്ങിനായി കിളച്ചിട്ടതിനാല്‍ കാക്കയംചാല്‍ മുതല്‍ മച്ചിയില്‍വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞു. ഏറെ വളവുകളും കയറ്റവുമുള്ള ഈ ഭാഗത്ത് മഴപെയ്താല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ വലിയ പ്രയാസമാണ്. ഇതേ റോഡിെൻറ ഭാഗമായ കുണ്ടംതടത്ത് റോഡില്‍ വര്‍ഷങ്ങളായി വലിയ കുഴികളും വെള്ളക്കെട്ടുമാണ്. റോഡ് നവീകരണം തുടങ്ങിയിട്ടും ഈ ഭാഗത്ത് കാര്യമായ പണി നടന്നിട്ടില്ല. ഈ മഴക്കാലത്തും കുണ്ടംതടം ഭാഗം വാഹനയാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഈ പാതയുടെ ബൈപാസ് റോഡായി ഉപയോഗപ്പെടുന്ന കാക്കയംചാല്‍-കൊല്ലാട-പാടിയോട്ടുചാല്‍ റോഡും തകര്‍ന്നുകിടക്കുയാണ്. പ്രധാനപാതകളുടെ സ്ഥിതി ഇങ്ങനെയാണെങ്കില്‍, ചെറുപുഴ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ സ്ഥിതി അതീവ ഗുരുതരമാണ്. മലയോരപ്രദേശങ്ങളായ രാജഗിരി, ജോസ്ഗിരി, മരുതുംതട്ട്, താബോര്‍, ചട്ടിവയല്‍, മുതുവം ഭാഗങ്ങളിലൊക്കെ ചെറുറോഡുകള്‍ പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. പലയിടത്തും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. മഴയില്‍ മണ്‍തിട്ടകള്‍ തകര്‍ന്ന റോഡുകൾ അപകടഭീഷണിയുയര്‍ത്തുകയാണ്. നാട്ടുകാരുടെ ശ്രമഫലമായാണ് പലയിടത്തും കുഴിയടച്ചും മറ്റും ഗതാഗതം സാധ്യമാക്കുന്നത്. രാജഗിരി-മരുതുംതട്ട് റോഡ് കഴിഞ്ഞദിവസം നാട്ടുകാർ ഇടപെട്ട് കോണ്‍ക്രീറ്റിങ് നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.