പരാതികൾ തുടക്കത്തിൽതന്നെ ലഭിച്ചാൽ എളുപ്പം പരിഹരിക്കാം ^ഡോ. ലിസി ജോസ്​

പരാതികൾ തുടക്കത്തിൽതന്നെ ലഭിച്ചാൽ എളുപ്പം പരിഹരിക്കാം -ഡോ. ലിസി ജോസ് കാസർകോട്: ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ തുടക്കത്തിൽതന്നെ വനിത കമീഷനിൽ എത്തിയാൽ വേഗത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് വനിത കമീഷൻ അംഗം ഡോ. ലിസി ജോസ്. എന്നാൽ, പലരും ആദ്യമേതന്നെ കോടതികളിലേക്കാണ് പരാതിയുമായി പോകുന്നത്. പലപ്പോഴും കോടതി നടപടിക്രമങ്ങൾ നീളുന്നതിനാൽ പരിഹാരം വർഷങ്ങളോളം നീളും. നാലുവർഷമായിട്ടും പ്രശ്നപരിഹാരമുണ്ടാകാതെ വനിതാ കമീഷനെ സമീപിച്ച കേസുണ്ട്. എന്നാൽ, കോടതിയിൽ തീർപ്പാകാത്ത കേസിൽ കമീഷന് ഒന്നുംചെയ്യാൻ കഴിയില്ല. കക്ഷികൾ ആവശ്യപ്പെട്ടിട്ടും കോടതിയിൽനിന്ന് കേസ് പിൻവലിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന അഭിഭാഷകരുമുണ്ട്. തുടക്കത്തിേലതന്നെ പരിഹരിക്കാൻ കഴിയുന്ന പരാതികൾ വനിത കമീഷനിലേക്ക് ആദ്യം വരട്ടെ. ചിലപ്പോൾ ഒരു കൗൺസലിങ് മാത്രം മതിയാകും പ്രശ്നപരിഹാരത്തിന്. ഇത്തരം കാര്യങ്ങളിൽ ജനങ്ങൾ കുറച്ചുകൂടി ജാഗ്രതപാലിക്കണം --ഡോ. ലിസി ജോസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ പരസ്പരബഹുമാനത്തോടെ തുല്യരായി പെരുമാറിയാൽ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കഴിയും. പല ഭർത്താക്കന്മാരും കരുതിയിരിക്കുന്നത് ഭാര്യയെ തല്ലുന്നത് തങ്ങളുടെ അവകാശമാണെന്നാണ്. അതുപോലെ ഭർത്താവിനെതിരെ പരാതികൊടുത്താൽ കൂടുതൽ ഉപദ്രവമുണ്ടാകുമോയെന്ന് ചില സ്ത്രീകളെങ്കിലും ഭയപ്പെടുന്നു. ഇത്തരം സ്ത്രീകൾക്ക് ധൈര്യം പകരാൻ ജാഗ്രതാസമിതികൾ കൂടുതൽ ശ്രദ്ധിക്കണം. ഭർത്താവിൽനിന്ന് ഗാർഹികപീഡനങ്ങൾ ഉണ്ടായാൽ ഭാര്യതന്നെ പരാതി നൽകണമെന്നില്ല. ആർക്കുവേണമെങ്കിലും പരാതി നൽകാം. കിട്ടുന്ന പരാതിയിൽ വനിത കമീഷൻ ആവശ്യമായ നടപടി സ്വീകരിക്കും. വ്യാജപരാതികൾ വർധിക്കുന്നു. വ്യക്തികൾക്കെതിെര വ്യാജപരാതികൾ നൽകുന്നത് കൂടിവരുകയാണ്. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഡോ. ലിസി ജോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.