പിണറായി സര്‍ക്കാറിനെതിരെ കണ്ണൂരില്‍ സി.പി.എം ലോബി –എം.എം. ഹസ്സന്‍

കണ്ണൂര്‍: പിണറായിസര്‍ക്കാറിന്‍െറ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ കണ്ണൂരില്‍ സി.പി.എമ്മിനകത്ത് ലോബി പ്രവര്‍ത്തിക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസ്സന്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി സമാധാനയോഗം നടന്ന് മണിക്കൂറുകള്‍ക്കകം സി.പി.എമ്മിന്‍െറ ഭാഗത്തുനിന്ന് ബോംബേറും ബി.ജെ.പിക്കാരുടെ ഭാഗത്തുനിന്ന് ആക്രമണവുമുണ്ടായത് അതിന്‍െറ സൂചനയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ ഒരു കരിയില അനങ്ങിയാല്‍ അതു കണ്ടുപിടിക്കാനുള്ള സംവിധാനം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. സ്വന്തം പാര്‍ട്ടിക്കകത്ത് നടക്കുന്ന നീക്കങ്ങള്‍തന്നെയാണ് മുഖ്യമന്ത്രി സമാധാനയോഗത്തില്‍ തുറന്നുപറഞ്ഞത്. ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറം ചില ഘടകങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സമാധാനയോഗത്തില്‍ പറഞ്ഞതിനെക്കുറിച്ച് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും ഹസ്സന്‍ പറഞ്ഞു. മുഖ്യമന്ത്രി നോവിച്ചുവിട്ട ഒരു മൂര്‍ഖന്‍ ഇവിടുണ്ട്. ആ മൂര്‍ഖനാണോ സമാധാനനീക്കങ്ങള്‍ അട്ടിമറിക്കുന്നതിനുപിന്നിലെന്ന് അദ്ദേഹം കണ്ടുപിടിക്കണം. സമാധാനയോഗത്തിലുണ്ടാക്കിയ കരാറിനെതിരെ പ്രവര്‍ത്തിച്ച് വീണ്ടും അക്രമങ്ങള്‍ നടത്തിയവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി.പി.എം-ബി.ജെ.പി നേതൃത്വങ്ങള്‍ തയാറാകണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും ഒരുപോലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്‍േറത് ഫാഷിസ്റ്റ് സമീപനമാണെങ്കില്‍ കേരളസര്‍ക്കാറിന്‍േറത് അര്‍ധ ഫാഷിസ്റ്റ് സമീപനമാണ്. പല സംഭവങ്ങളിലും സംശയരഹിതമായി തെളിഞ്ഞ കാര്യമാണിത്. സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ പ്രവര്‍ത്തനം താറുമാറായതോടെ പൊതുവിപണിയില്‍ വിലകുതിക്കുകയാണ്. കേരളത്തിലെ സിവില്‍ സപൈ്ളസ് മന്ത്രിയെ തിലോത്തമനെന്നല്ല എല്ലാം തുലക്കുന്ന തുലോത്തമനെന്നാണ് വിളിക്കേണ്ടത്. കേരളത്തിന് കേന്ദ്രമനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍പോലും വിതരണം ചെയ്യാതെ, കിട്ടുന്ന ആനുകൂല്യംപോലും ഇല്ലാതാക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍സമീപനമാണ് ലോ അക്കാദമി സമരത്തിലും കണ്ടതെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജാഥാംഗങ്ങളായ മുന്‍ മന്ത്രി കെ.പി. മോഹനന്‍, കെ.പി.സി.സി ഭാരവാഹികളായ ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. പി.എം. സുരേഷ്ബാബു, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫൈസല്‍, ആര്‍.എസ്.പി നേതാവ് ടി.സി. വിജയന്‍, ജാഥാ കോഓഡിനേറ്റര്‍ വി.എ. നാരായണന്‍, പ്രഫ. എ.ഡി. മുസ്തഫ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.