പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ പണിമുടക്ക്: വേതനവര്‍ധനയുടെ ഉത്തരവുണ്ടായിട്ടും സമരം നടന്നതില്‍ തൊഴില്‍വകുപ്പ് പ്രതിക്കൂട്ടില്‍

കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ പെട്രോള്‍ പമ്പ് ജീവനക്കാരെയും ഗ്യാസ് ഏജന്‍സി തൊഴിലാളികളെയും കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് പരിധിയില്‍ ഉള്‍പ്പെടുത്തി വേതനം ഏകീകരിച്ച ഉത്തരവ് ലേബര്‍ ഉദ്യോഗസ്ഥര്‍ അറിയാതെപോയത് വിവാദത്തില്‍. കണ്ണൂര്‍ ജില്ലയില്‍ നാലുദിവസം ജനത്തിന് ദുരിതം സമ്മാനിച്ച ഗ്യാസ്-പെട്രോള്‍ പമ്പ് സമരം നടന്നതിന്‍െറ ഉത്തരവാദിത്തം തൊഴില്‍വകുപ്പിനുള്ളിലെ ഈ അനാസ്ഥയാണെന്ന് ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. ചര്‍ച്ചയുടെ അവസാന മണിക്കൂറില്‍ പൊങ്ങിവന്ന രണ്ടുമാസം മുമ്പിറങ്ങിയ ഉത്തരവ് സമരം ഒത്തുതീരാനുളള രേഖയായതോടെ ഉദ്യോഗസ്ഥ അനാസ്ഥ ഉന്നതതലത്തില്‍ വിവാദമായിരിക്കയാണ്. ഗ്യാസ്-പെട്രോള്‍ പമ്പ് സമരം നാലുനാള്‍ പിന്നിട്ട് ജില്ലയിലെ വാഹനങ്ങള്‍ പലതും ഓട്ടം നിലച്ച ദിവസം കലക്ടറേറ്റില്‍ ഉച്ചക്ക് ചര്‍ച്ച നടക്കുമ്പോള്‍ മാത്രമാണ് സി.ഐ.ടി.യുവിനെ പ്രതിനിധാനംചെയ്ത് സംസാരിച്ച എം.വി. ജയരാജന്‍ 2016 ഡിസംബര്‍ 21ന് ഇറങ്ങിയ ഉത്തരവ് (GO (P)N0196/2016/LBR) ഉയര്‍ത്തിക്കാട്ടിയത്. യോഗത്തിലുണ്ടായിരുന്ന ജില്ല ലേബര്‍ ഓഫിസര്‍ക്കും എന്‍ഫോഴ്സ്മെന്‍റ് ജില്ല ലേബര്‍ ഓഫിസര്‍ക്കും ഈ ഉത്തരവിനെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും ഇതിന്‍െറ പരിധിയില്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ലായിരുന്നു. വേതനവര്‍ധന വ്യക്തമായും പരാമര്‍ശിക്കുന്ന ഈ ഉത്തരവ് ഉണ്ടായിട്ടും എന്തിനാണ് കണ്ണൂരില്‍ സമരം തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാനത്തുനിന്ന് ഒരുന്നതനാണത്രെ യൂനിയന്‍ നേതൃത്വത്തിന് ഇന്നലെ രാവിലെ ഉത്തരവിന്‍െറ കോപ്പി കൈമാറിയത്.ചര്‍ച്ചക്കിടെ ഉയര്‍ന്നുവന്ന ഈ ഉത്തരവ് ജില്ല കലക്ടര്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ഓപണ്‍ചെയ്ത് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് ആശ്ചര്യമായി. ഇത്തരമൊരു ഉത്തരവ് സമരത്തിന് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് നടന്ന അഞ്ച് ഒത്തുതീര്‍പ്പ് യോഗങ്ങളിലൊന്നിലും ലേബര്‍ ഓഫിസര്‍മാര്‍ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന ഉടമകളുടെ ചോദ്യത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരംമുട്ടി. ഈ ഉത്തരവ് സ്വീകാര്യമാണെന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ യോഗത്തെ അറിയിക്കുകയായിരുന്നു. പിന്നെന്തിനാണ് നാലുദിവസം ജനങ്ങളെ ബുദ്ധിമുട്ടിച്ച സമരമെന്ന ചോദ്യം അവശേഷിപ്പിച്ചാണ് എല്ലാവരും പിരിഞ്ഞത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കും ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ക്കും മാത്രമായി വേതനം നിജപ്പെടുത്തുന്ന പ്രത്യേക ഉത്തരവ് 2009ല്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ഇത് ഉടമകളുടെ ഹരജിയെ തുടര്‍ന്ന് കോടതി സ്റ്റേചെയ്തു. ഇതോടെയാണ് കൂലിവര്‍ധന വര്‍ഷങ്ങളായി നീണ്ടുപോകുന്നതെന്നായിരുന്നു യൂനിയനുകളുടെ പരാതി. കേരളത്തില്‍ ഓരോ ജില്ലകളിലും ഇന്ധന പമ്പുകളില്‍ വ്യത്യസ്ത വേതനമാണുള്ളതെന്നും യൂനിയന്‍ നേതാക്കള്‍ വിവരിക്കുന്നു. 2009ലെ പ്രത്യേക ഉത്തരവ് സ്റ്റേചെയ്യപ്പെട്ടതുകൊണ്ടാണ് 2016 ഡിസംബര്‍ 21ന് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് പരിധിയില്‍പെടുന്ന തൊഴിലാളികളുടെ പൊതു ഉത്തരവില്‍ പെട്രോള്‍ പമ്പുകളിലെയും ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാരെ ഉള്‍പ്പെടുത്തിയത്. 9236 രൂപ വേതനമുള്ള ഒരാള്‍ക്ക് ഇതനുസരിച്ച് 10,748 രൂപയായി വര്‍ധിക്കും. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ കിട്ടിയിരുന്ന വേതനത്തില്‍നിന്ന് 1500 രൂപയോളം വര്‍ധിക്കും. ഓരോ അഞ്ചുവര്‍ഷത്തിലും കിട്ടേണ്ട സര്‍വിസ് വെയിറ്റേജും ക്ഷാമബത്തയും ഉള്‍പ്പെടെ വ്യക്തമായ നിര്‍ദേശമുള്ള ഒരുത്തരവാണ് പൂഴ്ത്തിവെച്ച നിലയില്‍ ജില്ലയില്‍ സമരത്തിന് വഴിവെച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലില്ലാതെ പോയ ഈ ഉത്തരവനുസരിച്ചാണ് ഇന്നലെ കണ്ണൂര്‍ ജില്ലയിലെ സമരം ഒത്തുതീര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.