രക്ഷിതാക്കള്‍ ജാഗ്രതൈ : വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി മിഠായികള്‍ വ്യാപകം

കണ്ണൂര്‍: മദ്യവും മയക്കുമരുന്നും കൂടാതെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് രാസവസ്തുക്കള്‍ അടങ്ങിയ ലഹരിമിഠായികളുടെ വില്‍പന വര്‍ധിക്കുന്നു. ജില്ലയിലെ നിരവധി സ്ഥാപനങ്ങളില്‍നിന്ന് ഇത്തരത്തിലുള്ള മിഠായികള്‍ പിടിച്ചെടുത്തതായും പരിശോധന കര്‍ശനമാക്കിയതായും എ.ഡി.എമ്മിന്‍െറ ചേംബറില്‍ ചേര്‍ന്ന ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ അറിയിച്ചു. കണ്ണൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ പരിധിയില്‍ നിന്നായി 308 പേരെ ഡിസംബര്‍, ജനുവരി മാസങ്ങളിലായി ലഹരിയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 318 അബ്കാരി കേസുകളും 46 എന്‍.ഡി.പി.എസ് കേസുകളും 1077 കോപ്റ്റ കേസുകളും രജിസ്റ്റര്‍ ചെയ്തു. മുമ്പ് ജനകീയ കമ്മിറ്റിയില്‍ പരാതിയുയര്‍ന്ന അഭയ കോളനിയിലെ മദ്യവില്‍പന സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ 100 ലിറ്റര്‍ ചാരായം, 549 ലിറ്റര്‍ വിദേശമദ്യം, 824 ലിറ്റര്‍ മാഹിമദ്യം, 44 ലിറ്റര്‍ ബിയര്‍, ഏഴ് കി.ഗ്രാം കഞ്ചാവ്, 43.5 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2080 ലിറ്റര്‍ വാഷ്, 142 കി. ഗ്രാം പാന്‍മസാല എന്നിവ പിടിച്ചെടുത്തു. ജില്ലയില്‍ പുകയില ഉല്‍പന്നങ്ങള്‍ വ്യാപിക്കുന്നത് തടയാനായി ഊര്‍ജിത കര്‍മപരിപാടികള്‍ ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. സമാജ്വാദി കോളനിയില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്നും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമീഷണര്‍ കെ. ചന്ദ്രപാലന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.