മലയാളികളുടെ കൂട്ടായ്മ തകര്‍ക്കാനാവില്ല –കമല്‍

കണ്ണൂര്‍: കാലംകൊണ്ട് പരിഷ്കരിക്കപ്പെട്ടതും സംസ്കാരംകൊണ്ട് കൂട്ടായ്മയുണ്ടാക്കുകയും ചെയ്തവരാണ് മലയാളികളെന്നും ഈ കൂട്ടായ്മയെ വര്‍ഗീയവാദികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ളെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ യുവത ക്യാമ്പിന്‍െറ സമാപനപരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിരുന്ന കൂട്ടുകാരുടെ മതവും ജാതിയും നേരത്തെ ആരും ചോദിച്ചിരുന്നില്ല, എന്നാല്‍, ഇപ്പോള്‍ കുട്ടികളെ പ്രത്യേകം കള്ളികളാക്കാനുള്ള നീക്കം നടക്കുന്നു. വായനയും നാടകവും ഉത്സവങ്ങളുമെല്ലാം നാട്ടിലുണ്ടാക്കിയത് കൂട്ടായ്മയാണ്. ഇത്തരം കൂടിച്ചേരലുകള്‍ നടക്കുമ്പോള്‍ ഫാഷിസ്റ്റ് ചിന്താഗതി ആരുടെയും മനസ്സില്‍ വരാറില്ല. ഇതിനെ പൊളിക്കാനുള്ള ഏതൊരു നീക്കത്തെയും നാം കരുതിയിരിക്കണം. സിനിമാപ്രസ്ഥാനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമില്ളെങ്കിലും ദൃശ്യ-ശ്രാവ്യ മേഖലകള്‍ കൂട്ടായ ശ്രമം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ്. നല്ല സിനിമകള്‍ ജനങ്ങളിലത്തെിക്കുന്നതിനുള്ള ടൂറിങ് ടാക്കീസ് ഉടന്‍ പുറത്തിറങ്ങും. ചലച്ചിത്ര അക്കാദമിയുടെ റീജനല്‍കേന്ദ്രം കണ്ണൂരില്‍ ഉടന്‍ ആരംഭിക്കുമെന്നും കമല്‍ പറഞ്ഞു. സമാപനസമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, സംസ്ഥാന ജോ. സെക്രട്ടറി എന്‍.എസ്. വിനോദ്, ജില്ല സെക്രട്ടറി പി.കെ. ബൈജു, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്‍റ് വൈക്കത്ത് നാരായണന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി എം.കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് പ്രസിഡന്‍റ് ഇ. ചന്ദ്രന്‍, കമലാ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, പി.കെ. സുധീര്‍, ഡോ. എ.കെ. നമ്പ്യാര്‍, പൊന്ന്യം ചന്ദ്രന്‍, പള്ളിയറ ശ്രീധരന്‍, വി.കെ. ജോസഫ്, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ടി.പി. വേണുഗോപാല്‍, പി.കെ. ബൈജു എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഉത്തരമലബാറിലെ രണ്ടായിരത്തോളം ലൈബ്രറികളില്‍ യുവ സര്‍ഗസേന രൂപവത്കരിക്കാന്‍ തീരുമാനമായി. കാസര്‍കോട് മുതല്‍ മലപ്പുറംവരെ ജില്ലകളിലെ 60 യുവജനപ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.