പാപ്പിനിശ്ശേരി ബൈപാസിനെതിരെ ജനമുന്നേറ്റം; കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കണ്ണൂര്‍: ജനവികാരം മാനിക്കാതെ പാപ്പിനിശ്ശേരി ബൈപാസുമായി മുന്നോട്ടുപോകുന്ന അധികൃതര്‍ക്കെതിരെ പ്രദേശവാസികള്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചില സ്വകാര്യ വ്യക്തികളുടെ താല്‍പര്യത്തിനനുസരിച്ച് ബൈപാസ് നിര്‍മിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് കര്‍മസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കുറഞ്ഞ ചെലവില്‍ ദേശീയപാത വികസിപ്പിക്കാമെന്നിരിക്കെ 200ഓളം വീടുകള്‍ നശിപ്പിച്ചും കീച്ചേരിക്കുന്ന് ഇടിച്ചുനിരത്തിയും ബൈപാസിനായി ദേശീയപാത അതോറിറ്റി അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നത് സംശയാസ്പദമാണ്. കല്യാശ്ശേരി വയക്കര പാലം മുതല്‍ തുരുത്തി പാലം വരെയുള്ള ബൈപാസുമായാണ് ഭൂമാഫിയകളുടെ സമ്മര്‍ദഫലമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ വഴിതടയല്‍ അടക്കമുള്ള പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കര്‍മസമിതി മുന്നറിയിപ്പ് നല്‍കി. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം ടി. ഗംഗാധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബൈപാസിന്‍െറ പേരില്‍ കൈയേറ്റമാണ് ലക്ഷ്യമെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എട്ടുവര്‍ഷം മുമ്പ് ദേശീയപാത വികസിപ്പിക്കാന്‍ തീരുമാനിച്ച അലൈന്‍മെന്‍റ് ബൈപാസെന്ന പേരില്‍ മാറ്റുന്നതിനുള്ള കാരണം വ്യക്തമാക്കണം. കുടിയൊഴിപ്പിക്കല്‍ കുറയുന്ന രീതിയിലാവണം പുതുതായി വരുന്ന രൂപരേഖ. എന്നാല്‍, കുടിയൊഴിപ്പിക്കല്‍ കൂടുന്ന അവസ്ഥയാണ് ബൈപാസ് അലൈന്‍മെന്‍റ്. ഇത് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ബൈപാസിലെ ക്രമക്കേട് കലക്ടറും ഉന്നതോദ്യോഗസ്ഥരും പരിശോധിക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു. കര്‍മസമിതി ചെയര്‍മാന്‍ പ്രഫ. കൃഷ്ണന്‍ വണ്ണാരകത്ത് അധ്യക്ഷത വഹിച്ചു. കോട്ടക്കുന്ന് ബൈപാസ് വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ കോയ, ഹേമജന്‍, പി.വി. രാജഗോപാലന്‍, ബാബു മനോഹര്‍, ടി. സതീശന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഡോ. കെ.ജി. രാജേഷ് സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ പേരാണ് ധര്‍ണയില്‍ പങ്കെടുത്തത്. ധര്‍ണയിലെ ആവശ്യങ്ങളുന്നയിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.