തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ പൂവളപ്പ് അംഗൻവാടിക്ക് തൊഴിലുറപ്പ് പദ്ധതിയിൽ കെട്ടിടം പണിയുമെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ അംഗൻവാടിക്ക് കെട്ടിടം പണിയാനായി പ്രദേശവാസികൾ ഭൂമി വിട്ടുനൽകിയിട്ടും നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽനിന്നുള്ള അഞ്ചുലക്ഷം രൂപയും ഐ.സി.ഡി.എസിൽ നിന്നുള്ള രണ്ടുലക്ഷവും പഞ്ചായത്തിെൻറ തനത് ഫണ്ടും ഇതിനായി വിനിയോഗിക്കുമെന്ന് സെക്രട്ടറി സി.കെ. ശ്രീകുമാർ പറഞ്ഞു. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ ബന്ധപ്പെട്ട എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. അംഗൻവാടിക്കായി കൈമാറിയ ഭൂമി തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസിയർ സന്ദർശിച്ച് തിട്ടപ്പെടുത്തി. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് അംഗൻവാടിക്ക് ആവശ്യമായ ബാക്കി തുക തനത് ഫണ്ടിൽനിന്ന് വകയിരുത്തും. പേക്കടം ബദയിൽ അംഗൻവാടിക്കും സമാന രീതിയിൽ കെട്ടിടം നിർമിക്കാൻ പദ്ധതിയുണ്ട്. പൂച്ചോൽ അംഗൻവാടിക്ക് ജില്ല പഞ്ചായത്ത് പദ്ധതിയിൽ എട്ടുലക്ഷം രൂപ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി. 2010 ഡിസംബർ 16നാണ് പൂവളപ്പ് അംഗൻവാടി പ്രവർത്തനം തുടങ്ങിയത്. വെള്ളവും വെളിച്ചവും ഇല്ലാത്ത കുടുസ്സുമുറിയിൽ കുട്ടികളും ജീവനക്കാരും ഒരുപോലെ ദുരിതം പേറുകയാണ്. തൊട്ടടുത്ത വീട്ടിൽനിന്നാണ് പാചകത്തിനും ശുചീകരണത്തിനുംവേണ്ട വെള്ളം കൊണ്ടുവരുന്നത്. പരിമിതമായ സൗകര്യത്തിലും 17 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വാടകക്കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ആവശ്യമുയർന്ന സാഹചര്യവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.