നാഥനില്ലാക്കളരിയായി ജനറൽ ആശുപത്രി; ദുരിതംപേറി രോഗികൾ

കാസർകോട്: അസൗകര്യങ്ങളുടെ അഭാവത്താലും അധികൃതരുടെ അലംഭാവംമൂലവും ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം. കലക്ടർ വിളിച്ചുചേർക്കുന്ന യോഗത്തിലും ആശുപത്രി വികസനയോഗത്തിലും ജനറൽ ആശുപത്രി സൂപ്രണ്ടും ഡോക്ടർമാരും പെങ്കടുക്കുന്നുണ്ടെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചോദിച്ചാൽ അറിയില്ലെന്ന മറുപടിയാണത്രെ ലഭിക്കുന്നത്. കലക്ടർ പെങ്കടുത്ത യോഗത്തിൽ ആശുപത്രിയിൽ എത്ര ഒഴിവുണ്ട് എന്ന് ചോദ്യമുയർന്നപ്പോൾ ജനറൽ ആശുപത്രിയിൽനിന്നുള്ള പ്രതിനിധിക്ക് ഒന്നുമറിയില്ല. 24 മണിക്കൂറിനകം ബന്ധപ്പെട്ട ഫയൽ ത​െൻറ മേശപ്പുറത്ത് എത്തിയിരിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയതായാണ് അറിവ്. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ വാർഡുകളിൽ ആറെണ്ണം ഉപയോഗിക്കാൻ പറ്റാത്തതാണെന്ന് രോഗികൾ പരാതിപ്പെട്ടു. ഇത് യോഗത്തിൽെവച്ചാണ് ആശുപത്രി അധികൃതർ അറിയുന്നതുപോലും. ശസ്ത്രക്രിയ മുടങ്ങിയിട്ട് രണ്ടു മാസമായി. ശസ്ത്രക്രിയ യന്ത്രങ്ങളുടെ അഭാവമാണ് കാരണമായി പറയുന്നത്. 11 വർഷം മുമ്പ് വാങ്ങിയ മെഷീനാണ് ഇപ്പോഴുള്ളത്. 13 ലക്ഷം ചെലവഴിച്ചാൽ ഇതു വാങ്ങാം. എം.എൽ.എ, എം.പി നഗരസഭ എന്നിവരെ സമീപിച്ചാൽ ഇൗ തുക എളുപ്പത്തിൽ ലഭിക്കാവുന്നതാണ്. എന്നാൽ, ആശുപത്രി അധികൃതർ ഇതുവരെ ഇത് നന്നാക്കാൻ തീരുമാനിക്കുകയോ ജനപ്രതിനിധികളെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ഒരു ഫയൽ തയാറാക്കി വികസനസമിതി യോഗങ്ങളിൽ വെക്കാനും ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. രണ്ടാഴ്ചയിലേറെയായി ലിഫ്റ്റ് പണിമുടക്കിയിരിക്കുകയാണ്. ഇതുമൂലം ശനിയാഴ്ചയും മൃതദേഹം ചുമന്നാണ് ഇറക്കിയത്. മൂന്നാം നിലയില്‍നിന്ന് ചുമന്നുകൊണ്ടാണ് മൃതദേഹം താഴെയെത്തിച്ചത്. രണ്ടു ദിവസം മുമ്പ് ലിഫ്റ്റ് തകരാര്‍ പരിഹരിക്കാനാവശ്യമായ സാമഗ്രികള്‍ ഹൈദരാബാദില്‍നിന്ന് എത്തിച്ചിരുന്നു. നന്നാക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. ലിഫ്റ്റുകള്‍ ഇടക്കിടെ പണിമുടക്കുന്നതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ദുരിതമുണ്ടാകുന്നു. ശോച്യാവസ്ഥ നേരിട്ടറിയാന്‍ ആശുപത്രി സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് കഴിഞ്ഞദിവസം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കത്ത് നല്‍കിയിരുന്നു. നിലവിൽ ആശുപത്രി ഒ.പി ചാർജ് രണ്ടു രൂപയാണ്. ഇത് അഞ്ചു രൂപയാക്കി വർധിപ്പിച്ച് വികസന ഫണ്ട് സ്വരൂപിക്കാനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.