തലശ്ശേരി: തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 21ന് വൈകീട്ട് നാലിന് തലശ്ശേരി ഓവർബറീസ് ഫോളിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സ്വാഗതസംഘം രൂപവത്കരണയോഗം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കലക്ടർ ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ.കെ. മാരാർ, ജിതിഷ് ജോസ്, പി.മുരളീധരൻ എന്നിവർ സംസാരിച്ചു. തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നാല് പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കുന്നതിന് 1.43 കോടി രൂപ, പഴയ ഫയർ ടാങ്ക് സംരക്ഷണത്തിനും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കുന്നതിനും 60.76 ലക്ഷം രൂപ, ഗുണ്ടർട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാപഠന കേന്ദ്രമായി വികസിപ്പിക്കുന്നതിന് 2.1 കോടി രൂപ, തലശ്ശേരി പിയർ സംരക്ഷിച്ച് ഭക്ഷ്യവീഥി ശിൽപോദ്യാനമായി വികസിപ്പിക്കുന്നതിന് 2.12 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതികൾക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിന് എ.എൻ.ഷംസീർ എം.എൽ.എ ചെയർമാനായി 51 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.